സുകുമാരൻ നായർ പറയുന്നത് പഴയ ആചാരങ്ങൾ അതുപോലെ നിലനിർത്തണമെന്നാണ്
ക്ഷേത്രങ്ങളിലെ മേൽവസ്ത്ര ധാരണ വിവാദത്തിൽ എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് മറുപടിയുമായി സച്ചിദാനന്ദ സ്വാമി. ഹൈന്ദവ സമൂഹത്തിൽ ഉണ്ടാകേണ്ട പരിഷ്കരണത്തെ കുറിച്ചാണ് ശിവഗിരി തീർത്ഥാടന വേദിയിൽ പറഞ്ഞത്. സുകുമാരൻ നായർ പറയുന്നത് പഴയ ആചാരങ്ങൾ അതുപോലെ നിലനിർത്തണമെന്നാണ്. അങ്ങനെയെങ്കിൽ മതപരിഷ്കർത്താക്കളുടെ കർമ്മങ്ങൾ എന്തിനു വേണ്ടിയാണെന്ന് സച്ചിദാനന്ദ സ്വാമി ചോദിച്ചു.
ക്ഷേത്രങ്ങളിൽ കരിയും കരിമരുന്നും വേണ്ടെന്ന് 100 വർഷങ്ങൾക്കു മുൻപേ ഗുരുദേവൻ പറഞ്ഞതാണ്. മന്നത്ത് പത്മനാഭൻ്റെ തന്നെ പ്രവർത്തനം എന്തിനു വേണ്ടിയായിരുന്നു. അനാചാരങ്ങളെ ദൂരീകരിക്കാനാണ് മന്നത്ത് പ്രവർത്തിച്ചത്. മന്നത്തിൻ്റെ അഭിപ്രായത്തിന് വിപരീതമായാണ് സുകുമാരൻ നായർ പറയുന്നതെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. സമൂഹത്തിൻ്റെ പരിഷ്കാരം സംബന്ധിച്ച് അഭിപ്രായം പറയാൻ തനിക്ക് ധാർമിക ചുമതലയുണ്ടെന്നും സച്ചിതാനന്ദ മറുപടി നൽകി.
മുഖ്യമന്ത്രിയും ശിവഗിരിയും ഹിന്ദുക്കളുടെ ആചാരങ്ങളിൽ കൈ കടത്തരുതെന്നാണ് ജി. സുകുമാരൻ നായർ പറഞ്ഞത്. ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഹിന്ദുക്കളോട് മാത്രമാണോ വ്യാഖ്യാനങ്ങൾ? ഇതര മതക്കാരെ വിമർശിക്കാൻ ധൈര്യമുണ്ടോയെന്നും ജി. സുകുമാരൻ നായർ ചോദിച്ചിരുന്നു. ഹിന്ദുക്കളുടെ കുത്തക ശിവഗിരിക്കല്ലെന്നും എൻഎസ്‌എസ് ജനറൽ സെക്രട്ടറി പറഞ്ഞിരുന്നു.
കാലാകാലങ്ങളിൽ നിലനിന്നു പോരുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നത്? ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്തുണക്കാൻ പാടില്ലാത്തതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ടെന്നുമാണ് സുകുമാരൻ നായർ പറഞ്ഞത്.