കേരളത്തിനായി ബാറ്റിങ്ങില്‍ പുറത്താവാതെ 99 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് മത്സരത്തിലെ താരം
സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ തുടർച്ചയായ രണ്ടാം ജയം നേടി സഞ്ജു സാംസൺ നയിക്കുന്ന കേരളം. ശ്രേയസ് അയ്യർ നയിക്കുന്ന മുംബൈയെ 43 റൺസിനാണ് കേരളം വീഴ്ത്തിയത്. കേരളം ഉയർത്തിയ 235 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് വീശിയ മുംബൈയ്ക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 35 പന്തില്‍ 68 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ പോരാട്ടം പാഴായി. കേരളത്തിനായി പേസര്‍ എം.ഡി നിധീഷ് 30 റണ്‍സിന് നാലു വിക്കറ്റ് നേടി. കേരളത്തിനായി ബാറ്റിങ്ങില്‍ പുറത്താവാതെ 99 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് മത്സരത്തിലെ താരം.
തുടക്കത്തിലേ കേരള ബൗളര്‍മാരെ കടന്നാക്രമിച്ച ഓപ്പണര്‍ പൃഥ്വി ഷായെ (23) മടക്കി നിധീഷ് എംഡി കേരളത്തിന് പ്രതീക്ഷിച്ച തിരിച്ചുവരവ് സമ്മാനിച്ചു.ആറാം ഓവറില്‍ മറ്റൊരു ഓപ്പണര്‍ ആംഗ്രിഷ് രഘുവംശിയെ (15 പന്തില്‍ 16) മടക്കി നിധീഷ് കേരളത്തിന് പ്രതീക്ഷ സമ്മാനിച്ചു. 10-ാം ഓവറില്‍ ശ്രേയസിനെ (18 പന്തില്‍ 32) അബ്‌ദുള്‍ ബാസിത് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ഷാംസ് മലാനിയെയും (4 പന്തില്‍ 5) ബാസിത് മടക്കി.
ഒരുവശത്ത് തകര്‍ത്തടിച്ച മുംബൈ അജിൻക്യ രഹാനെ കേരളത്തിന് ഭീഷണി സൃഷ്ടിച്ചു. 18-ാം ഓവറില്‍ രഹാനെയെ (35 പന്തില്‍ 68) വിനോദ് കുമാര്‍ പുറത്താക്കി. നിധീഷിന്‍റെ തൊട്ടടുത്ത ഓവറിലെ ആദ്യ ബോളില്‍ സിക്‌സിന് ശ്രമിച്ച ഷര്‍ദുല്‍ താക്കൂറിനെ (4 പന്തില്‍ 3) ബാസിത് ഡൈവിങ് ക്യാച്ചിലൂടെ മടക്കി. ഹര്‍ദിക് താമോറിന (23) പുറത്താക്കി നിധീഷ് എം.ഡി നാല് വിക്കറ്റ് തികയ്ക്കുകയും ചെയ്തു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായെത്തിയ സഞ്ജുവിനെ വരുതിക്ക് നിർത്താൻ പരിചയസമ്പന്നനായ പേസർ ഷർദുൽ താക്കൂറിന് തന്നെ ക്യാപ്റ്റൻ പന്തേൽപ്പിച്ചു. ആദ്യ ഓവറിൽ ഒരു ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജുവിനെ നാലാമത്തെ പന്തിൽ ക്ലീൻ ബൗൾഡാക്കാൻ ഷർദുലിനായി.