ടി20 വന്നാൽ ഏകദിനത്തിൽ, ഏകദിനം വന്നാൽ ടി20യിൽ; 'ഗംഭീര'മായി തഴയപ്പെടുന്ന സഞ്ജു

എന്തുകൊണ്ടായിരിക്കാം ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടും, മികച്ച ഫോമിൽ അദ്ദേഹത്തിന് റൺസ് കണ്ടെത്താൻ സാധിക്കുന്ന ഏകദിന ഫോർമാറ്റിൽ നിന്നും സഞ്ജു തഴയപ്പെടുന്നത്?
ടി20 വന്നാൽ ഏകദിനത്തിൽ, ഏകദിനം വന്നാൽ ടി20യിൽ; 'ഗംഭീര'മായി തഴയപ്പെടുന്ന സഞ്ജു
Published on

"സഞ്ജു സാംസൺ ഇന്ത്യക്കായി കളിച്ചില്ലെങ്കിൽ അത് സഞ്ജുവിന്റെ നഷ്ടമല്ല, മറിച്ച് ഇന്ത്യയുടെ നഷ്ടമാണ്..." ഇപ്പോഴത്തെ ഇന്ത്യൻ ഹെഡ് കോച്ച് ​ഗൗതം ​ഗംഭീർ ടി20 ലോകകപ്പിന് മുന്നോടിയായി പറ‍ഞ്ഞ വാക്കുകളാണിത്. കാലങ്ങളായി തുടരെത്തുടരെ നേരിട്ടുകൊണ്ടിരിക്കുന്ന ഒഴിവാക്കൽ സമസ്യ വീണ്ടും ആവർത്തിക്കുന്നതു കൊണ്ടുതന്നെ, ഇത്രയും വലിയ പിന്തുണ പ്രഖ്യാപിച്ച ​ഗംഭീറിന് പോലും സഞ്ജു സാംസണിന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. ശ്രീലങ്കക്കെതിരായ ടി20 ഏകദിന പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏകദിനത്തിൽ സഞ്ജു തഴയപ്പെട്ടു. എന്തുകൊണ്ടായിരിക്കാം ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടും, മികച്ച ഫോമിൽ അദ്ദേഹത്തിന് റൺസ് കണ്ടെത്താൻ സാധിക്കുന്ന ഏകദിന ഫോർമാറ്റിൽ നിന്നും സഞ്ജു തഴയപ്പെടുന്നത്?

2023 ഡിസംബറിലാണ് സഞ്ജു അവസാനമായി ഒരു ഏകദിനത്തിൽ കളിക്കുന്നത്. അന്ന് അദ്ദേഹം നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ നിന്നും പരമ്പര ഇങ്ങെടുത്തത്. അതോടെ എല്ലാവരും കരുതി സഞ്ജു ഇനി ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാകുമെന്ന്. പക്ഷെ അവിടെയാണ് യഥാർത്ഥ ട്വിസ്റ്റ് ഒളിഞ്ഞിപ്പുണ്ടായിരുന്നത്. 2023ന് ശേഷം ഇന്ത്യ കളിക്കേണ്ട ഏറ്റവും മേജർ ടൂർണമെന്റ് ടി20 ലോകകപ്പായിരുന്നു. സഞ്ജുവിന് അവസരം ലഭിച്ചതോ, ഏകദിനത്തിൽ. ഇതുമാത്രമല്ല, സഞ്ജു ഏകദിന ടീമിൽ ഉൾപ്പെടുന്നതിന് ഒരു മാസം മുമ്പായിരുന്നു, മറ്റൊരു മേജർ ഐസിസി ടൂർമെന്റായ ഏകദിന ലോകകപ്പ് കഴിഞ്ഞത്. ടി20 ലോകകപ്പ് വരുമ്പോൾ ഏകദിനത്തിൽ കളിപ്പിക്കും. ഏകദിന ലോകകപ്പ് വരുമ്പോൾ ടി20യിൽ കളിപ്പിക്കും. അതെ, സഞ്ജു സാംസണിന്റെ കരിയർ ലോകകപ്പുകൾക്ക് മുമ്പും ശേഷവും എന്ന രീതിയിൽ അറിയപ്പെടും.

ഒരു മാച്ച് വിന്നിങ് ഇന്നിങ്സ് ഇന്ത്യയ്ക്കായി കാഴ്ച വെച്ചിട്ടും ഡിസംബറിന് ശേഷം സഞ്ജു ഇതുവരെ ഏകദിന ടീമിൽ ഇടം നേടിയിട്ടില്ല എന്നതാണ് മറ്റൊരു വിരോധാഭാ​സം. ബിസിസിഐക്ക് സ്റ്റാറ്റിസ്റ്റിക്സിൽ യാതൊരു താൽപര്യവുമില്ല എന്ന് ഓർമപ്പെടുത്താൻ സഞ്ജു സാംസൺ ടീമിൽ ഇടം നേടാതിരിക്കണം എന്നത് ഒരു തുടർക്കഥയാവുകയാണ്. ഏകദിനത്തിൽ 510 റൺസ്, മൂന്ന് ഫിഫ്റ്റി, ഒരു സെഞ്ചുറി. 2021ൽ ഏകദിന അരങ്ങേറ്റം കുറിച്ച ഒരാളുടെ സ്റ്റാറ്റിസ്റ്റിക്സ് ഇത്ര മാത്രമാണോ എന്ന് ചിലർ ചോദിച്ചേക്കാം. പക്ഷെ, അതിലും ഒരു സസ്പെൻസുണ്ട്. ഈ മൂന്ന് വർഷത്തിനിടെ സഞ്ജു കളിച്ചത് വെറും 16 ഏകദിനങ്ങളാണ്. അതിൽ 14 ഇന്നിങ്സുകൾ മാത്രമാണുള്ളത്. അതായത്, സഞ്ജുവിന്റെ ആവറേജ് 56ന് മുകളിലാണ്. തുടർച്ചയായി അവസരങ്ങൾ ലഭിക്കുമായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ സ്റ്റാറ്റിസ്റ്റിക്സ് ഒരുപക്ഷെ, 'ബല്ലാത്ത ജാതി'യായി പോയേനേ...

ഒരു മേജർ ടൂർണമെന്റ് നടക്കുകയാണെങ്കിൽ, അത് മുന്നിൽ കണ്ടുകൊണ്ട് ചുരുങ്ങിയത് ഒരു വർഷമെങ്കിലും സമയമെടുത്ത്, ആ ഫോർമാറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന താരങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ എല്ലാ അന്താരാഷ്ട്ര ടീമുകളും പിന്തുടരുന്ന കാര്യമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ, ഇനി വരാനിരിക്കുന്ന ഏറ്റവും മേജർ ടൂർണമെന്റ് 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ്. അതാണെങ്കിൽ ഏകദിന ഫോർമാറ്റിലും. അപ്പോൾ നമ്മുടെ ഉദാരമതികളായ സെലക്ടർമാർ എന്ത് ചെയ്തു? സീസണിന്റെ തുടക്കത്തിൽ തന്നെ, സഞ്ജുവിനെ ഏകദിന ടീമിൽ നിന്നും മാറ്റി, ടി20യിൽ പുതിയ ഉയർച്ചകൾ കൈവരിക്കാനുള്ള ഉദ്യമത്തിന്റെ ചുക്കാൻ അങ്ങ് കൊടുത്തു. ശേഷം വളരെ നൈസായി ഏകദിനത്തിൽ നിന്നും ഒഴിവാക്കി. എന്ത് ചെയ്യുമ്പോഴും ആർക്കും സംശയമൊന്നും തോന്നരുതല്ലോ.

സഞ്ജുവിന്റെ സെലക്ഷൻ പ്രോസസിൽ ഒരു അപവാദമായി നിലനിൽക്കുന്നത് ചിലപ്പോൾ ടി20 ലോകകപ്പ് ടീമിലേക്കുള്ള സെലക്ഷനായിരിക്കും. അത് മുന്നിൽ കണ്ടുകൊണ്ട് ബിസിസിഐ സഞ്ജുവിന് ഏകദിനത്തിൽ അവസരം കൊടുത്തത് ആരും കാണാതെ പോകരുത്. പക്ഷെ, അതിന് ശേഷമാണ് ഐപിഎൽ വരുന്നത് എന്ന് അവർ മറന്നുപോയതായിരിക്കാനാണ് സാധ്യത. അതിൽ രാജസ്ഥാന്റെ പല വിജയങ്ങളുടെയും പിന്നിൽ സഞ്ജുവിന്റെ കരങ്ങളായിരുന്നു എന്ന ന​ഗ്നസത്യം ബിസിസിഐക്ക് കാണേണ്ടതായി വന്നു. പക്ഷെ, ടീമിൽ മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളൂ. ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന ബാറ്റിങ് നിരയുമായി എല്ലാ മത്സരങ്ങളും കളിച്ച ടീം ഇന്ത്യയിൽ ഒരു തവണ പോലും സഞ്ജുവിന് അവസരം ലഭിച്ചില്ല.

ഐപിഎല്ലിൽ മൂവായിരത്തിലധികം റൺസ്. ഏകദിനത്തിൽ 56 ആവറേജ്. ടി20യിൽ പല നിർണായക മത്സരങ്ങളിലും വിജയശിൽപി. പ്രകടനങ്ങളും സ്റ്റാറ്റിസ്റ്റിക്സും കൂടെയുണ്ടെങ്കിലും രാജസ്ഥാൻ നായകൻ കൂടിയായ സഞ്ജുവിന് ലഭിക്കുന്ന അവസരങ്ങളുടെ വരൾച്ച ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയല്ലേ. ക്രിക്കറ്റ് എന്ന കളിയിൽ തുടർച്ചയായ അവസരങ്ങൾ കൊണ്ട് മാത്രമേ ഒരു കളിക്കാരൻ താരമായി മാറുകയുള്ളൂ എന്ന് മറന്നുപോവുകയാണോ സെലക്ടർമാർ?

സഞ്ജുവിന് നിഷേധിക്കപ്പെടുന്ന അവസരങ്ങളെ ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. 'വിരാട് കോഹ്‍ലിയെപ്പോലെ, രോഹിത് ശർമയെപ്പോലെ, ഒരു ബാക്കപ്പ് സഞ്ജുവിനും ലഭിക്കണം എന്ന ​ഗംഭീറിന്റെ വാക്കിന് പോലും അദ്ദേഹത്തെ രക്ഷിക്കാനായില്ല എന്ന രീതിയിലും പ്രചരണങ്ങൾ നടക്കുന്നു. ഈ അവ​ഗണന ഇനി എന്ന് അവസാനിക്കും എന്ന ചോദ്യത്തിന്, 'തമ്പുരാനറിയാം' എന്ന മറുപടി മാത്രമേ ക്രിക്കറ്റ് പ്രേമികൾക്ക് നൽകാനുണ്ടാവുകയുള്ളൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com