രക്ഷാപ്രവര്‍ത്തനത്തില്‍ 218 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഡ്രോൺ പരിശോധനയ്ക്കായി റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ എത്തുമെന്നും വയനാട് ജില്ലാ കളക്ടര്‍ ഡി.ആർ. മേഘശ്രീ പറഞ്ഞു
ചൂരല്‍മല ദുരന്തത്തില്‍ ചാലിയാര്‍ പുഴ കേന്ദ്രീകരിച്ച് ഇന്ന് തെരച്ചിൽ ആരംഭിച്ചു. നേവിയുടെയും പൊലീസിന്റെയും ഹെലികോപ്റ്ററുകള്‍ അല്പ സമയത്തിനുള്ളിൽ രക്ഷാപ്രവർത്തനത്തിന് എത്തും. ഭൂതാനം, വെള്ളിമാട് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ചാലിയാര്‍ ഭാഗത്തെ ഇന്നത്തെ തെരച്ചിൽ.
രക്ഷാപ്രവര്‍ത്തനത്തില്‍ 218 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഡ്രോൺ പരിശോധനയ്ക്കായി റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ എത്തുമെന്നും വയനാട് ജില്ലാ കളക്ടര്‍ ഡി.ആർ. മേഘശ്രീ പറഞ്ഞു. വയനാട്ടിലെ തെരച്ചിലിന് കൂടുതൽ റഡാറുകൾ എത്തിക്കുമെന്ന് സൈന്യവും അറിയിച്ചു. ഒരു സേവർ റഡാർ, നാല് റെക്കോ റഡാറുകൾ എന്നിവയാണ് എത്തിക്കുക. ഡൽഹിയിൽ നിന്ന് ഇവ എയർലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം പറഞ്ഞു. റഡാറുകളുടെ ഓപ്പറേറ്റർമാരും ഒപ്പമുണ്ടാകും. വ്യോമസേനാ വിമാനത്തിലാണ് ഇവ എത്തിക്കുക. കൂടുതൽ ആഴത്തിലുള്ള പരിശോധനയ്ക്ക് വേണ്ടി, സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി.
ഇന്നലെ നിരവധി മൃതദേഹം ചാലിയാര്‍ ഭാഗത്തു നിന്നും കണ്ടെത്തിയിരുന്നു. ബന്ധുക്കൾക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലായിരുന്നു മൃതദേഹങ്ങള്‍. ഇന്നത്തെ തെരച്ചിലിൽ കൂടുതൽ ഉദ്യോഗസ്ഥർ അണിനിരക്കും. വിവിധ സേനകളിൽ നിന്നായി 640 പേരാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്. അതേസമയം, ഇന്നലെ സേനാ വിഭാഗങ്ങളും പൊലീസും ഫയർ ആന്‍ഡ് റെസ്ക്യൂ വിഭാഗവുമാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. ഒപ്പം ഈ രംഗത്ത് പ്രാവീണ്യമുള്ള സന്നദ്ധ പ്രവർത്തകരും സ്വകാര്യ കമ്പനികളും പങ്കെടുത്തിരുന്നു.
Also Read: രക്ഷാദൗത്യത്തിന്‍റെ അഞ്ചാം നാൾ: ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ തെരച്ചിൽ ഊർജിതമാക്കും, മഴ വെല്ലുവിളിയാകാന്‍ സാധ്യത
അതേസമയം, തെരച്ചിലിന് വേണ്ടിയുള്ള സാങ്കേതിക വിദ്യകൾ, പുതിയ സംവിധാനങ്ങൾ എന്നിവ രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെടുത്തുമെന്നും വയനാട് ജില്ലാ കളക്ടർ പറഞ്ഞു. എല്ലാ ദിവസവും അഞ്ച് മണിക്ക് പ്രസ് റിലീസ് കൊടുക്കുന്നുണ്ടെന്നും, എല്ലാ ദിവസവും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.
ചാലിയാറിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി
ചാലിയാർ തീരത്തെ തെരച്ചിലിൽ ഇന്ന് രണ്ട് മൃതദേഹം കണ്ടെത്തി. തൊടിമുട്ടിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. അംബുട്ടാൻ പെട്ടിയിൽ നിന്നും ശരീരഭാഗവും കണ്ടെത്തി. തെരച്ചിൽ പുരോഗമിക്കുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയാക്കി. ഇതുവരെ ചാലിയാറിൽ നിന്നും ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 191 ആയി. 189 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി.