ഇപ്പോൾ തുടരുന്ന സന്ദേഹങ്ങളുടെ അന്തരീക്ഷം നീക്കാൻ ഈ അന്വേഷണം കൂടിയേ തീരുവെന്ന് ഹർജിയിൽ പറയുന്നു
ഹിന്‍ഡന്‍ബര്‍ഗ് റിസെര്‍ച്ച് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ ഹർജി. സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ തുടരുന്ന സന്ദേഹങ്ങളുടെ അന്തരീക്ഷം നീക്കാൻ ഈ അന്വേഷണം കൂടിയേ തീരൂവെന്നും ഹർജിയിൽ പറയുന്നു. ഇതോടെ അദാനി-ഹിൻഡൻബർഗ് പോരാട്ടം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ് ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്ന റിപ്പോർട്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിടുന്നത്. വിസില്‍ബ്ലോവര്‍ രേഖകളെ ആധാരമാക്കിയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത് പ്രകാരം, ഗൗതം അദാനി, സഹോദരന്‍ വിനോദ് അദാനി എന്നിവരുമായി ബന്ധപ്പെട്ട ബര്‍മൂഡ, മൗറീഷ്യസ് ഫണ്ടുകളിലാണ് സെബി ചെയര്‍പേഴ്‌സണ് ഓഹരിയുള്ളത്. വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ്പ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോർട്ട് ചെയ്തിരുന്നു.
2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ഷെല്‍ കമ്പനികളിലാണ് മാധബിക്ക് ഓഹരിയുള്ളത്. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സണ് ഓഹരിയുണ്ടായത് കൊണ്ടാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. സെബിയില്‍ മാധബി ചുമതല ഏറ്റെടുക്കും മുന്‍പ് അന്വേഷണം ഒഴിവാക്കാന്‍ നിക്ഷേപങ്ങള്‍ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റുവാനായി അപേക്ഷിച്ചിരുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
അതേസമയം, അദാനിയുമായി ബന്ധപ്പെട്ട ഓഫ് ഷോര്‍ ഫണ്ടുകളില്‍ തങ്ങൾക്ക് ഓഹരിയുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാണെന്നുമായിരുന്നു സെബി ചെയർപേഴ്സൺ മാധബി ബുച്ചിൻ്റെയും ഭർത്താവിൻ്റെയും വാദം. ഈ റിപ്പോർട്ടിലൂടെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ALSO READ: ഹിന്‍ഡന്‍ബര്‍ഗ് അദാനിയെ ആദ്യം വരിഞ്ഞുമുറുക്കിയത് ഇങ്ങനെ...