
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ അടിയന്തര സഹായം അഭ്യർഥിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാവികസേനയിൽ നിന്നും കൂടുതൽ മുങ്ങൽ വിദഗ്ധരെ വിന്യസിപ്പിക്കണമെന്നും കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ എത്തിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കേരളം കർണാടകയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിദഗ്ധരും ഉപകരണങ്ങളും എത്തിക്കുന്നതിലൂടെ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സഹായകമാകുമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിനും കത്തയച്ചിട്ടുണ്ട്.
അതേസമയം അർജുനായുള്ള പതിനൊന്നാം ദിവസത്തെ തെരച്ചിലും വിഫലമായി. കൂടുതൽ സംവിധാനങ്ങളോടെ ശനിയാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിക്കും. ഇന്ന് വൈകിട്ടോടെ ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ട്രക്ക് പ്രൊഫൈൽ സംശയിക്കുന്ന പുതിയ സിഗ്നൽ ലഭിച്ചിരുന്നു. പ്രദേശവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപമായാണ് സിഗ്നൽ ലഭിച്ചത്. സ്കൂബ ഡൈവേഴ്‌സ് മൺകൂന കേന്ദ്രീകരിച്ച് പരിശോധന നടത്തും. ഇന്നലെ ഐ ബോഡ് നടത്തിയ പത്ത് പരിശോധനയിലും ലഭിക്കാത്ത സിഗ്നൽ ആണ് ഇന്ന് ലഭിച്ചത്.
എന്നാൽ ട്രക്ക് കണ്ടെത്താനാകുമെന്ന ദൗത്യ സംഘത്തിൻ്റെ പ്രതീക്ഷ വിഫലമായിരിക്കുകയാണ്. തെരച്ചിലിനായി കരസേനയും, നാവിക സേനയും, മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. കൂടാതെ യന്ത്ര ബോട്ടുകളും മീൻപിടുത്ത ബോട്ടുകളും എത്തിച്ചിരുന്നു. അർജുനെ കണ്ടെത്താനായി എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് ഷിരൂർ സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ ചെയ്യാവുന്ന എല്ലാ പുതിയ മാർഗങ്ങളും തേടും. സാധ്യമാകുന്ന പുതിയ മാർഗങ്ങൾ സ്വീകരിച്ച് അർജുനെ വേഗം കണ്ടെത്തണമെന്നാണ് സർക്കാരിൻ്റെ നിലപാടെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം,അർജുനായുള്ള രക്ഷാദൗത്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കൻവാർ എംഎൽഎ സതീഷ് സെയിൻ പറഞ്ഞു. ഐബോഡ് സംഘം വണ്ടിയുടെ കൃത്യമായ ചിത്രം നൽകിയിട്ടുണ്ട്. എന്നാൽ മനുഷ്യ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഗോവയിൽ നിന്ന് ഡ്രെഡ്ജർ കൊണ്ടുവരുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഫ്ലോട്ടിങ് പോൻടൂൻ രീതി അവംലബിക്കാനാണ് ശ്രമമെന്നും എംഎൽഎ വ്യക്തമാക്കി.