2020ല്‍ ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല മുന്നേറ്റങ്ങളെ ചൈന അടിച്ചമര്‍ത്തിയത് മുതല്‍ 'ദേശീയതാ പഠനം' ഇവിടെ ഇരട്ടിപ്പിച്ചിരുന്നു
വിദ്യാര്‍ഥികള്‍ ദേശീയഗാനം പതുക്കെച്ചൊല്ലുന്നുവെന്ന് ആരോപിച്ച് ഹോങ്കോങ്ങില്‍ രണ്ട് സ്‌കൂളുകളെ അധികൃതര്‍ ഒറ്റപ്പെടുത്തി. ദേശീയഗാനം ആലപിക്കുന്നതിനും അതൊരു ശീലമാക്കി മാറ്റുന്നതിനും കുട്ടികളെ സഹായിക്കാന്‍ അധ്യാപകര്‍ക്ക് അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ഹോങ്കോങ് മക്കാവ് ലുതേറിയന്‍ ചര്‍ച്ച് പ്രൈമറി സ്‌കൂള്‍, ലിം പോര്‍ യെന്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് നടപടി നേരിട്ടത്.
2020ല്‍ ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല മുന്നേറ്റങ്ങളെ ചൈന അടിച്ചമര്‍ത്തിയത് മുതല്‍ ദേശീയതാ പഠനം ഇവിടെ ഇരട്ടിപ്പിച്ചിരുന്നു. ഹോങ്കോങ്ങിലെ വിദ്യാഭ്യാസ ബ്യൂറോയാണ് ഇരുപത് സ്‌കൂളുകളില്‍ നടന്ന പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ ചൈനയിലേക്ക് വിദ്യാര്‍ഥികളെ കൊണ്ട് പോയ സ്‌കൂളുകളെ പ്രത്യേകമായി അഭിനന്ദിക്കുന്നുണ്ട്.
ജനുവരിയിലാണ് ഹോങ്കോങ് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സ്‌കൂളുകളുടെ കരിക്കുലത്തില്‍ ദേശീയതാ പഠനം നിര്‍ബന്ധമാക്കിക്കൊണ്ട് ചൈന നിയമം കൊണ്ട് വരുന്നത്. കമ്പനികളേയും ഈ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ട് വന്നിരുന്നു. നിയമത്തിന്‍റെ നിര്‍വചനം വ്യക്തമല്ലെങ്കിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങളും നേതൃത്വപാഠങ്ങളും പ്രചിരിപ്പിക്കുകയാണ് കരിക്കുലത്തിലൂടെ ലക്ഷ്യമിടുന്നത്.
ചിന്തകളെ ഏകീകരിക്കാനും രാജ്യത്തിന്‍റെ ശക്തി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിയമം കൊണ്ടു വന്നിട്ടുള്ളതെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഹോങ്കോങ്ങിന്‍റെപരമാധികാരം മായുന്നതിന്‍റെ സൂചനകളാണിതെന്നാണ് വിമര്‍ശകരുടെ ആരോപണം. 2020 മുതല്‍ ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് വിമത സ്വരങ്ങളെ അടിച്ചമര്‍ത്തുകയാണ് ചൈന.