ഡിഐജി അജിത ബീഗം നൽകിയ റിപ്പോർട്ട് പ്രകാരമാണ് നടപടി
sujith das
പി.വി. അൻവറിനോടുള്ള ഏറ്റുപറച്ചിലിൽ പത്തനംതിട്ട എസ്.പി. സുജിത് ദാസിനെതിരെ നടപടി. സുജിത്തിനെ സസ്പെൻഡ് ചെയ്ത് ഉടൻ ഉത്തരവിറങ്ങും. ഡിഐജി അജിത ബീഗം നൽകിയ റിപ്പോർട്ട് പ്രകാരമാണ് നടപടി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്നു സുജിത് ദാസ്.
സർവീസ് ചട്ടം ലംഘിച്ചെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമാണ്. പരാതി പിൻവലിക്കാൻ എംഎൽഎയോട് പറഞ്ഞത് തെറ്റാണെന്നും, ഓഡിയോ പുറത്തുവന്നത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ALSO READ: എംഎല്‍എയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനം; എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ശുപാർശ
പി.വി. അൻവർ എംഎൽഎയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ ഫോൺ സംഭാഷണം പുറത്തായതാണ് നടപടിക്ക് ആസ്പദമായ സംഭവം. എഡിജിപി അജിത് കുമാർ ബന്ധുക്കൾ വഴി സാമ്പത്തിക ഇടപാട് നടത്തുന്നുവെന്നായിരുന്നു അൻവറിനോട് സുജിത് ദാസ് പറഞ്ഞത്. അന്വേഷണത്തിൻ്റെ ഭാഗമായി സുജിത് ദാസിനെ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങുന്നത്.
ആരോപണങ്ങൾ നേരിടുന്ന എഡിജിപി അജിത് കുമാറിനെയും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തും. പകരക്കാരൻ ആരാണെന്ന് വ്യക്തമല്ല. അൻവറിൻ്റെ ആരോപണങ്ങളിൽ എഡിജിപിക്കെതിരെ അന്വേഷണത്തിനും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിപിയുടെ നേതൃത്വത്തിലാവും അന്വേഷണം.
READ MORE: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റും; പകരക്കാരൻ ആര്?