എസ്‍‌പി വൈകി, എംഎല്‍എ പിണങ്ങി; മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കെതിരെ
വിമർശനവുമായി പി.വി. അൻവർ

എസ്‍‌പി വൈകി, എംഎല്‍എ പിണങ്ങി; മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കെതിരെ വിമർശനവുമായി പി.വി. അൻവർ

27 മിനിട്ടാണ് എസ്‌പിക്ക് വേണ്ടി കാത്തിരുന്നതെന്നും മോഷണക്കേസിൽ അടക്കം പരാതി നൽകിയിട്ടും അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് നാണക്കേടാണെന്നും അൻവർ പറഞ്ഞു
Published on

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് പി.വി. അൻവർ എംഎൽഎ. 27 മിനിട്ടാണ് എസ്‌പിക്ക് വേണ്ടി കാത്തിരുന്നതെന്നും മോഷണക്കേസിൽ അടക്കം പരാതി നൽകിയിട്ടും അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് നാണക്കേടാണെന്നും അൻവർ പറഞ്ഞു. എംഎല്‍എയുടെ വിമർശനങ്ങള്‍ക്ക് മറുപടി പറയാതെ എസ് ശശിധരൻ ഐപിഎസ് വേദി വിട്ടു.


"എസ്‌പി തിരക്ക് പിടിച്ച ഓഫീസറാണ്. തിരക്കിന്‍റെ ഭാഗമായാണ് വരാതിരുന്നതെങ്കിൽ തനിക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ അവൻ അവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കിൽ എസ്പി ആലോചിക്കണം", പി. വി അന്‍വർ പറഞ്ഞു.

പൊലീസ് അസോസിയേഷൻ്റെ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ വച്ചാണ് സംഭവം. വാഹന പരിശോധന, മണ്ണ് എടുക്കലിന് അനുമതി നൽകാത്തത്, എംഎൽഎയുടെ പാർക്കിലെ റോപ് വേ ഉപകരണങ്ങൾ ഉൾപ്പെടെ കാണാതായിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് പിവി അൻവർ എംഎൽഎ രൂക്ഷ വിമർശനം നടത്തിയത്.


ചില പൊലീസുകാർ സ്വാർഥ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. അതിൽ റിസർച്ച് നടത്തുകയാണ് അവർ. സർക്കാരിനെ മോശമാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിൻ്റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇതെന്നും അൻവർ ആരോപിച്ചു. പിന്നീട് മുഖ്യപ്രഭാഷകനായി എത്തിയ എസ്പി എസ് ശശിധരൻ താൻ അൽപം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയിൽ അല്ലെന്നും പറഞ്ഞ് വേദി വിടുകയായിരുന്നു.

News Malayalam 24x7
newsmalayalam.com