തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയിലെ പട്ടിയായി വെള്ളാര്‍മല സ്‌കൂളിലെ അമല്‍ജിത്ത് നിറഞ്ഞാടുകയായിരുന്നു വേദിയിൽ.
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സദസിനെയാകെ പിടിച്ചിരുത്തിയ ഒരു പ്രകടനം കാണികളുടെ നെഞ്ചു പൊള്ളിച്ച, കരയിച്ച ഒരു നാടകത്തെയും അതിലെ കഥാപാത്രത്തെയും ആളുകൾ മറക്കില്ല. കണ്ടവരുടെയൊക്കെ ഉള്ള് പൊട്ടി. ചിലര്‍ കരഞ്ഞു. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയിലെ പട്ടിയായി വെള്ളാര്‍മല സ്‌കൂളിലെ അമല്‍ജിത്ത് നിറഞ്ഞാടുകയായിരുന്നു വേദിയിൽ.
പ്രകടനം കാണാനെത്തിയ നടൻ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു ഇവനാണ് ബെസ്റ്റ് ആക്ടര്‍.നിലയ്ക്കാത്ത കയ്യടികള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും അമലിനെ കൊളുത്തി വലിക്കുന്ന പലതുമുണ്ട്. അധ്യാപകര്‍ അവനെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു.
Also read; കൗമാര കലാപൂരത്തിന് ഇന്ന് കൊടിയിറക്കം; സ്വർണ്ണക്കപ്പിൽ മുത്തമിടുന്നതാര്? അവസാന മത്സരങ്ങൾ നിർണായകം
എന്തിനാണ് കണ്ണ് നിറഞ്ഞതെന്ന ചോദ്യത്തിന് ചങ്കുപൊട്ടുന്നൊരു മറുപടി.ദുരന്തത്തില്‍ നഷ്ടമായ പട്ടികളെ കുറിച്ച് പറഞ്ഞ് തല താഴ്ത്തി നില്‍ക്കുകയാണ് അമൽ.അരങ്ങില്‍ ആടിയ നിമിഷങ്ങളിലെപ്പഴോ ബ്രൗണിയുടെയും ബ്ലാക്കിയുടെയും ഓര്‍മകള്‍ അവനിലെത്തിയിട്ടുണ്ട്.
അമല്‍ജിത്തിന് മാത്രമല്ല പലരിലും അവരുടെ വളര്‍ത്തു മൃഗങ്ങളുടെ ഓര്‍മ്മകളെത്തി. നാടകത്തെയും വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളുടെ പ്രകടനത്തെയും കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നൂറു നാവായിരുന്നു.
ചില ജീവിതങ്ങള്‍, ചില കലാസൃഷ്ടികള്‍ ഇങ്ങനെയാണ്.. നമ്മളെ കൊളുത്തിവലിച്ചു കൊണ്ടേയിരിക്കും.