സേവനകാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ആദരവായിട്ടാണ് മെഡൽ വിതരണം ചെയ്തത്
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ വ്യാപക അക്ഷരത്തെറ്റെന്ന് പരാതി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് വിതരണം ചെയ്ത മെഡലുകളിലാണ് വ്യാപക അക്ഷരത്തെറ്റ് ഉണ്ടായത്. മെഡലിൽ "മുഖ്യമന്ത്രയുടെ പോല സ് മെഡൻ" എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ അതിൽ എഴുതിയതൊന്നും വ്യക്തമായി വായിക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമാണ്. പരാതികൾ ഉയർന്നതോടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
സേവന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ആദരവായിട്ടാണ് മെഡൽ വിതരണം ചെയ്തത്. 264 പൊലീസുകാർക്കാണ് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി മെഡലുകൾ വിതരണം ചെയ്തത്. തിരുവനന്തപുരം പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.
എന്നാൽ, ഭാഷാ ദിനത്തിൽ ലഭിച്ച മെഡലിലെ ലിപി തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ് നിലവിൽ പൊലീസ് സേനയുള്ളത്. ഇതോടെ ഇത്തവണത്തെ ഭാഷാദിനം മുമ്പൊരിക്കലുമില്ലാത്ത വിധം അച്ചടി തെറ്റിൻ്റെ പേരിൽ ഓർമിക്കപ്പെടുമെന്ന് ഉറപ്പായി. ഇതോടെ കൊടുത്ത മെഡലുകൾ തിരിച്ചുവാങ്ങി പുതിയത് നൽകാൻ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചു. അടിയന്തരമായി പുതിയ മെഡലുകൾ വിതരണം ചെയ്യണമെന്നാണ് നിർദേശം. ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകൾ നൽകാൻ ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് ആവശ്യപ്പെട്ടിട്ടുണ്ട്.