
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ആടുജീവിതം. എട്ട് അവാർഡുകൾ നേടിയാണ് ചിത്രം സുവർണ നേട്ടം കൈവരിച്ചിരിക്കുന്നത്. മികച്ച ജനപ്രിയ സിനിമ. സംവിധായകൻ, നടൻ, തിരക്കഥ അവലംബം, ഛായാഗ്രഹണം, ശബ്ദമിശ്രണം, മേക്കപ്പ്, ജൂറി പരാമർശം എന്നീ അവാർഡുകളാണ് ആടുജീവിതത്തിന് ലഭിച്ചത്.
മികച്ച ജനപ്രിയ സിനിമ - ആടുജീവിതം
മികച്ച സംവിധായകന്‍- ബ്ലെസി
മികച്ച നടൻ- പൃഥ്വിരാജ്
മികച്ച തിരക്കഥ അവലംബം - ബ്ലെസി
മികച്ച ഛായാഗ്രഹണം - സുനില്‍ കെഎസ്
മികച്ച ശബ്ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍
മികച്ച മേക്കപ്പ് - രഞ്ജിത്ത് അമ്പാടി
പ്രത്യേക ജൂറി അഭിനയം - കെ.ആര്‍ ഗോകുല്‍
ബെന്യാമിൻ്റെ ആടുജീവിതം എന്ന പുസ്തകം സിനിമയായി ആവിഷ്കരിക്കുമ്പോൾ കടുത്ത വെല്ലുവിളികളാണ് ബ്ലെസിക്കും ടീമിനും നേരിടേണ്ടി വന്നിരുന്നത്. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രമാകാൻ പൃഥ്വിരാജും, കെ. ആർ ഗോകുലും നടത്തിയ പരിശ്രമങ്ങളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തിയേറ്ററിലെത്തിയ ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ എട്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കൂടി നേടിയിരിക്കുകയാണ് ചിത്രം.
ബ്ലെസിക്ക് ലഭിക്കുന്ന ആറാമത്തെ ചലച്ചിത്ര പുരസ്കാരമാണ് ഇത്. അവസാനമായി 2012ൽ പ്രണയത്തിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ബ്ലെസിക്ക് ലഭിച്ചത്. പൃഥ്വിരാജിന് ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് 2006ൽ വാസ്തവം എന്ന ചിത്രത്തിനാണ്. രണ്ടാമതായി മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് 2012ൽ സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങൾക്കാണ്. ഇത് പൃഥ്വിരാജിന്‍റെ മികച്ച നടനുള്ള മൂന്നാമത്തെ ചലച്ചിത്ര പുരസ്കാരമാണ്.