കാറുകൾ കത്തിച്ചു, മാളുകൾക്ക് നേരെ കല്ലേറ്; രാജസ്ഥാനിൽ വർഗീയ സംഘർഷങ്ങൾക്ക് തുടക്കമിട്ട് വിദ്യാർഥി ഏറ്റുമുട്ടൽ

സ്കൂളില്‍ വിദ്യാർഥികള്‍ തമ്മിലെ ഏറ്റുമുട്ടലിനിടെ 15 വയസുകാരനെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചതാണ് വലിയ സംഘർഷങ്ങൾക്ക് കാരണമായത്
കാറുകൾ കത്തിച്ചു, മാളുകൾക്ക് നേരെ കല്ലേറ്; രാജസ്ഥാനിൽ വർഗീയ സംഘർഷങ്ങൾക്ക് തുടക്കമിട്ട് വിദ്യാർഥി ഏറ്റുമുട്ടൽ
Published on

രാജസ്ഥാനില്‍ വർഗീയ സംഘർഷങ്ങള്‍ക്ക് തിരികൊളുത്തി സ്‌കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച ഉദയ്പൂരിലെ സർക്കാർ സ്കൂളില്‍ വിദ്യാർഥികള്‍ തമ്മിലെ ഏറ്റുമുട്ടലിനിടെ 15 വയസുകാരനെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചതാണ് വലിയ സംഘർഷങ്ങൾക്ക് കാരണമായത്.  കെട്ടിടങ്ങൾക്ക് കല്ലെറിഞ്ഞും കാറുകൾ കത്തിച്ചും അക്രമികള്‍ വലിയ രീതിയിലുള്ള ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. പിന്നാലെ മേഖലയില്‍ ആളുകൾ കൂട്ടം ചേരുന്നതിന് നിയന്ത്രണമേർപ്പെടുത്തി.

പത്താംക്ലാസുകാർ തമ്മിലുണ്ടായ സംഘർഷമാണ് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ചില ഹിന്ദു സംഘടനകള്‍ മധുബനിൽ ഒത്തുചേർന്നു. തുടർന്ന് ഉദയ്പൂരിന്‍റെ വിവിധ മേഖലകളില്‍ വലിയ രീതിയിലുള്ള അക്രമമുണ്ടായി. കാറുകള്‍ കത്തിച്ചും ഷോപ്പിംഗ് മാള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞും ആള്‍ക്കൂട്ടം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

സഹപാഠിയിൽ നിന്നും തുടയില്‍ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടി ചികിത്സയിലുള്ള ആശുപത്രിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടം ഒത്തുകൂടിയിരുന്നു. തുടർന്ന് പൊലീസെത്തി ലാത്തിച്ചാർജ് നടത്തി. ബാപ്പു ബസാർ, ഹാത്തിപോൾ, ഘണ്ടാ ഘർ, ചേതക് സർക്കിൾ പ്രദേശങ്ങളിലാണ് അക്രമസംഭവങ്ങള്‍ കൂടുതല്‍ റിപ്പോർട്ടുചെയ്തത്. വർഗീയ സംഘർഷത്തിലേക്ക് അക്രമങ്ങള്‍ വഴിമാറിയതോടെ മേഖലയില്‍ ആളുകൾ തടിച്ചുകൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വ്യാജവാർത്തകളും വർഗീയ പ്രചരണങ്ങളും തടയാന്‍ വെള്ളിയാഴ്ച മുതല്‍ 24 മണിക്കൂർ ഇന്‍റർനെറ്റ് കട്ട് ചെയ്തിരിക്കുകയാണ്. സ്ഥിതിഗതികളുടെ നിയന്ത്രണത്തിനായി ഉദയ്‌പൂരില്‍ സെെന്യത്തെയും വിന്യയിച്ചിട്ടുണ്ട്. അതേസമയം പ്രതിയായ കൗമാരക്കാരനെയും പിതാവിനെയും അറസ്റ്റ് ചെയ്തതായും ജില്ലാ കലക്ടർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com