fbwpx
ബംഗ്ലാദേശിലെ വിദ്യാർഥികൾ പറയുന്നു, ഞങ്ങൾ റസാക്കറുകളല്ല!
logo

പ്രണീത എന്‍.ഇ

Last Updated : 05 Aug, 2024 03:39 PM

1971ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായവരുടെ പിൻഗാമികൾക്ക് സർക്കാർ ജോലികളിൽ 30% സംവരണം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്

WORLD

ബംഗ്ലാദേശിലെ പ്രതിഷേധത്തിൻ്റെ ദൃശ്യം

പച്ചയും ചുവപ്പും നിറത്തിലുള്ള കൊടികളും പേറി ആയിരക്കണക്കിന് വിദ്യാർഥികൾ ബംഗ്ലാദേശിലെ തെരുവുകളിൽ സമരം ചെയ്യുകയാണ്. രാജ്യത്തെ സ്കൂളുകളും കോളേജുകളുമെല്ലാം അടച്ചുപൂട്ടി. മൊബൈൽ ഇൻ്റർനെറ്റ് സംവിധാനവും ഗതാഗതവും തടസ്സപ്പെട്ടു. പ്രക്ഷോഭത്തിൽ 32 പേരുടെ ജീവൻ നഷ്ടപ്പെട്ടു. വെടിയുതിർക്കുന്ന പൊലീസിന് മുന്നിൽ ധൈര്യത്തോടെ എത്തിയവരിൽ 18 വയസ്സുള്ള വിദ്യാർഥിനികൾ വരെയുണ്ട്. ബംഗ്ലാദേശിലെ സംവരണവിഷയവുമായി ബന്ധപ്പെട്ട് ധാക്കയിലെ തെരുവുകളിൽ പ്രതിഷേധിക്കാനെത്തിയ വിദ്യാർഥികളെല്ലാം ഒരുമിച്ച് പറഞ്ഞു. ഞങ്ങൾ റസാക്കറുകളല്ല!

1971ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായവരുടെ പിൻഗാമികൾക്ക് സർക്കാർ ജോലികളിൽ 30% സംവരണം നൽകിയിരുന്നു. എന്നാൽ 2018ൽ ഈ സംവരണം നീക്കം ചെയ്യപ്പെട്ടിരുന്നു.  എന്നാൽ ഇത് പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ജൂൺ അഞ്ചിലെ വിധിയുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിൽ ഇത്തരത്തിലൊരു അരക്ഷിതാവസ്ഥ ഉയർന്നത്. എന്നാൽ ഈ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും വർഷങ്ങൾ പ്രായമുണ്ട്. ഒരു സംവരണ വിഷയം മാത്രമല്ല ഇപ്പോൾ ബംഗ്ലാദേശിൽ നിലനിൽക്കുന്നത്.  പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെ 'റസാക്കറെ'ന്ന വിളി പ്രതിഷേധവുമായി തെരുവിലിറങ്ങിയ വിദ്യാർഥികളുടെ നെഞ്ച് തുളച്ചു. 

ആരാണ് റസാക്കറുകൾ

1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ബംഗാളിലെ കശാപ്പുകാരന്നറിയപ്പെടുന്ന ജനറൽ ടിക്കാ ഖാൻ പ്രാദേശികമായി ഉയർത്തിയെടുത്ത അർദ്ധസൈനിക സേനയായിരുന്നു റസാക്കറുകൾ. പാക് സൈന്യവുമായി സഹകരിച്ചും ക്രൂരതകൾ ചെയ്തും സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബംഗാളികളെ റസാക്കറുകൾ ഒറ്റിക്കൊടുത്തു. പാകിസ്ഥാൻ അനുകൂല ബംഗാളികളും ബിഹാറികളുമായിരുന്നു റസാക്കറുകളിൽ ഭൂരിഭാഗവും. അവർ ബംഗാളിലെ ജനങ്ങളെ കൂട്ട ബലാത്സംഗം ചെയ്തു. ഗ്രാമങ്ങളിൽ തീവെച്ച് ആയിരക്കണക്കിന് ജനങ്ങളെ കുരുതി നൽകി. ഏകദേശം 3 ദശലക്ഷം ബംഗാളികളെ കൊന്നൊടുക്കി പാക് സൈന്യത്തെ സഹായിച്ചു.

അൽ-ബദർ, അൽ-ഷാംസ് തുടങ്ങിയ തീവ്ര മതഭീകരവാദികൾക്കൊപ്പം ചേർന്ന റസാക്കറുകൾ, ക്രൂരതയുടെ മറ്റൊരു മുഖമായി മാറി. ബംഗ്ലാദേശിലെ പാകിസ്ഥാൻ അധിനിവേശത്തിനും ചൂഷണത്തിനും എതിരെ ശബ്ദമുയർത്തിയ സാധാരണക്കാരെയും വിദ്യാർഥികളെയും മതന്യൂനപക്ഷങ്ങളെയും ഇവർ ലക്ഷ്യമിട്ട് ആക്രമിച്ചു. 


പ്രധാനമന്ത്രി ഹസീനയുടെ റസാക്കർ പരാമർശം

50 വർഷങ്ങൾക്കു ശേഷം 'റസാക്കറുകൾ' വീണ്ടും ബംഗ്ലാദേശില്‍ ചര്‍ച്ചയായി, വിവാദമായി, പ്രക്ഷോഭമായി . പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ റസാക്കർ പരാമർശമാണ് ക്വോട്ടാ പ്രക്ഷോഭത്തിൻ്റെ തീപ്പൊരിയിൽ എണ്ണയൊഴിച്ചത്.

"റസാക്കറുകളുടെ മക്കൾക്കും പേരകുട്ടികൾക്കും മാത്രമാണോ, രാജ്യത്തെ സ്വാതന്ത്ര്യസമരസേനാനികളുടെ മക്കൾക്കും പേരക്കുട്ടികൾക്കും കഴിവില്ലേ? സ്വാതന്ത്ര്യസമരസേനാനികൾക്ക് നേരെ എന്തിനാണ് ഈ വിമുഖത? സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബങ്ങൾക്ക് ലഭിക്കാത്ത സംവരണം റസാക്കറുകൾക്ക് ലഭിക്കുന്നത് എന്തുകൊണ്ടാണ്?" സ്വാതന്ത്ര്യ സമരസേനാനികളുടെ പിൻഗാമികളല്ലാത്ത വലിയൊരു വിഭാഗം ജനങ്ങളെ റസാക്കർ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഹസീന ചോദിച്ചു. 

ഇത് 1971ലെ വിമോചന സമരത്തിൻ്റെ ഓർമകളെ ഉണർത്തി. പ്രതിഷേധത്തിന് തീ കൊളുത്തി. അപമനാകരമായ പ്രസ്തവാനയെന്നായിരുന്നു പ്രതിഷേധത്തിനെത്തിയവർ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ റസാക്കറുകളെ തള്ളികൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ പിന്തുടർന്ന് സമാന പ്രസ്താവനകളുമായി ഭരണകക്ഷി പാർട്ടി അംഗങ്ങളുമെത്തി. വിമോചന സമര രക്തസാക്ഷികളുടെ രക്തം പുരണ്ട ബംഗ്ലാദേശിൻ്റെ ചുവപ്പും പച്ചയും പതാക പിടിക്കാൻ റസാകർക്ക് അവകാശമില്ലെന്നായിരുന്നു സാമൂഹ്യക്ഷേമ മന്ത്രി ദിപു മോനി പ്രസ്താവന. റസാക്കറാകാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ഒരു ആവശ്യവും അംഗീകരിക്കില്ലെന്ന് വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി മുഹമ്മദ് അലി അറഫാത്തും പറഞ്ഞു. 


പ്രതിഷേധത്തിൻ്റെ ചരിത്രം

അരാഷ്ട്രീയപരമായി തന്നെയായിരുന്നു ബംഗ്ലാദേശിലും സംവരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും തുടങ്ങിയത്. പ്രതിഷേധമെന്നത് വിദ്യാർഥികളുടെ സാധാരണഗതിയിലുള്ള പ്രതികരണമല്ലെന്ന് ഭരണകക്ഷിയും സഖ്യരും അവകാശപ്പെടുമ്പോളും സമരത്തിന് രാഷ്ട്രീയമുഖമില്ലായിരുന്നു. 


ഷെയ്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗും പാർട്ടിയുടെ വിദ്യാർഥിസംഘടനയായ ബംഗ്ലാദേശ് ചത്ര ലീഗും ഈ പ്രതിഷേധങ്ങൾക്ക് കടിഞ്ഞാണിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതോടെ പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി വിദ്യാർഥികളുടെ പക്ഷം ചേർന്നു. 


ഉരുക്കുമുഷ്ടിയോടെ ഭരണം നടത്തുന്ന ഷെയ്ക് ഹസീന ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. ജനങ്ങൾക്കിടയിൽ ഭയം പടർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നേതാവാണ് വിദ്യാർഥികൾ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്ന ഹസീന. ഇതേ വിശേഷണത്തിൽ പിന്തുടർന്ന് നിരവധി കലാസൃഷ്ടികളും റാപ്പ് ഗാനങ്ങളും മുദ്രാവാക്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.

രാജ്യത്ത് സംവരണ വിരുദ്ധ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് ബംഗ്ലാദേശ് ഹൈക്കമ്മീഷൻ. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സർവ്വകലാശാലകളും അടച്ചിടാനുള്ള ബംഗ്ലാദേശ് സർക്കാരിൻ്റെ തീരുമാനത്തെത്തുടർന്ന് ധാക്കയിൽ വിദ്യാർഥികളും പോലീസും തമ്മിലുണ്ടായ സംഘർഷം കണക്കിലെടുത്താണ് മുന്നറിയിപ്പ്.

INDIA
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വാന്‍സ്; താരീഫുകള്‍, വ്യാപാര ഉടമ്പടികള്‍ ചര്‍ച്ചയായി
Also Read
user
Share This

Popular

KERALA
KERALA
"റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിക്കിടക്കുന്ന യുവാവിൻ്റെ മോചനം വേഗത്തിലാക്കണം"; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ