ഹൈക്കോടതി ഉത്തരവ് യുക്തിസഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യത്തിനെതിരെ ഇഡി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ജാമ്യം നൽകിയ ഉത്തരവ് ചോദ്യം ചെയ്താണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഉത്തരവ് യുക്തിസഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥ് എന്നിവരുടെ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്നാണ് സോറനെതിരെയുള്ള കേസ്. കഴിഞ്ഞ ജനുവരി 31നായിരുന്നു ഭൂമി തട്ടിപ്പ് കേസിൽ ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി നേതാവായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. വ്യാജ രേഖകളിലൂടെ കോടികൾ വിലമതിക്കുന്ന ഭൂമി കൈക്കാലാക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം.
അറസ്റ്റിന് മുന്നോടിയായി ഹേമന്ത് സോറൻ തൻ്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയെന്ന പേരുണ്ടാവാതിരിക്കാനായിരുന്നു രാജി.