മൂന്നാം തവണയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് അഭയ് ഒകെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയത്.
കേസ് ഓഗസ്റ്റ് 27 ന് വീണ്ടും പരിഗണിക്കും. മൂന്നാം തവണയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തേ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടമായതിനാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം.
കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന് ആന്റണിക്ക് സുപ്രീംകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. അഭിഭാഷകരായ ശ്രീറാം പാറക്കോട്ട്, എംഎസ് വിഷ്ണു ശങ്കര്‍ ചിതറ എന്നിവരാണ് സുനിക്ക് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ടത്. കേസില്‍ പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് ഹൈക്കോടതി പള്‍സര്‍ സുനിക്ക് പിഴ 25000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ഹര്‍ജി തള്ളി മൂന്ന് ദിവസത്തിനുള്ളില്‍ വീണ്ടും ജാമ്യ ഹര്‍ജി നല്‍കിയതിനു പിന്നാലെയായിരുന്നു പിഴ ചുമത്തിയത്.