'കൻവാർ' വിവാദ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ; 'ഹോട്ടലുകാർ പ്രദർശിപ്പിക്കേണ്ടത് ഭക്ഷണവിവരം, ഉടമയുടെ പേരല്ല'

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവിലാണ് കോടതി ഇടപെട്ടത്. പേര് പ്രദര്‍ശിപ്പിക്കാൻ നിർബന്ധിക്കാനാകില്ലെന്നും ഉത്തരവ് നൽകാൻ പൊലീസിന് അധികാരമില്ലെന്നും സുപ്രിംകോടതി പറഞ്ഞു.
'കൻവാർ' വിവാദ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ;  'ഹോട്ടലുകാർ പ്രദർശിപ്പിക്കേണ്ടത് ഭക്ഷണവിവരം, ഉടമയുടെ പേരല്ല'
Published on

ശിവഭക്തരുടെ കന്‍വാര്‍ യാത്രാ പാതകളിലെ ഭക്ഷണശാലകൾ ഉടമകളുടെ പേര് വിവരം പ്രദര്‍ശിപ്പിക്കണമെന്ന വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവിലാണ് കോടതി ഇടപെട്ടത്. പേര് പ്രദര്‍ശിപ്പിക്കാൻ നിർബന്ധിക്കാനാകില്ലെന്നും ഉത്തരവ് നൽകാൻ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് തുല്യാവകാശത്തിന് വിരുദ്ധമാണെന്നും അമിതാധികാര പ്രയോഗമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തൊഴിലെടുക്കാനുള്ള മൗലികാവകാശത്തിന് വിരുദ്ധമാണ് പൊലീസിന്റെ ഉത്തരവ്. പൊലീസല്ല ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഹോട്ടലുകള്‍ക്ക് ഉത്തരവ് നല്‍കേണ്ടതെന്നും. കൻവാർ യാത്രാ റൂട്ടിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേരല്ല പകരം എന്തുതരം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഋഷികേശ് റോയി, എസ്.എന്‍.വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ജൂലൈ 19 നാണ് ശിവഭക്തരുടെ കൻവാർ യാത്ര നടക്കുന്ന പാതകളിൽ ഭക്ഷണശാലകളുടെ ഉടമകൾ പേര് പ്രദര്‍ശിപ്പിക്കണമെന്ന വിവാദ ഉത്തരവ് യുപി സര്‍ക്കാർ പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ ഉത്തരാഖണ്ഡ് സർക്കാരും ഇതേ നിർദേശം മുന്നോട്ട് വെച്ചു. ആത്മീയ യാത്രയുടെ പവിത്രതയ്ക്ക് ഭംഗം വരാതിരിക്കാനാണിത് എന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മറുപടി. ക്രമസമാധാനം ഉറപ്പാക്കാനെന്നായിരുന്നു പൊലീസിന്‍റെ വാദം.

യാത്ര കടന്നുപോകുന്ന, ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മുസഫർനഗർ മേഖലയിലടക്കം ജില്ലാ പൊലീസ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ എൻഡിഎ സഖ്യ കക്ഷികളായ ജെഡിയുവും എല്‍ജെപിയുമടക്കം വിയോജിപ്പ് അറിയിച്ചിരുന്നു. സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിരോധം തീർത്തിരുന്നു. ഇതിനിടെയാണ് പൊതുതാല്പര്യ ഹർജികള്‍ സുപ്രീം കോടതി പരിഗണിച്ചത്. അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ സിവിൽ റൈറ്റ്സ് ഉൾപ്പെടെയുള്ള എൻജിഒകളും മഹുവ മൊയ്ത്ര എംപി ഉള്‍പ്പടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com