ജനുവരി ആറുവരെ വിഷയത്തിൽ വിചാരണക്കോടതി തീരുമാനമെടുക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്
ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജമാ മസ്‌ജിദിൻ്റെ സർവേ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോടതി നിയോഗിച്ച കമ്മീഷണറാണ് ഉത്തർപ്രദേശ് ചാന്ദോസി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് തുറക്കരുതെന്നും, ജനുവരി ആറുവരെ വിഷയത്തിൽ വിചാരണക്കോടതി തീരുമാനമെടുക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
ഷാഹി ജമാ മസ്ജിദിന് സമീപം അനധികൃത കയ്യേറ്റം നടന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ഈ തെരച്ചിലിൽ ശ്രീ കാർത്തിക് മഹാദേവ് ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ (ഭസ്മ ശങ്കർ ക്ഷേത്രം) കണ്ടെത്തിയെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം.
പള്ളിയിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടതിനെ തുടർന്ന് സംഭലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 1978ൽ സാമുദായിക സംഘർഷങ്ങളെ തുടർന്നാണ് ക്ഷേത്രം അടച്ചതെന്നാണ് ഹിന്ദുമത വിശ്വാസികളുടെ വാദം. ഡിസംബർ 13ന് ക്ഷേത്രം വിശ്വാസികൾക്ക് പ്രാർഥനയ്ക്കായി തുറന്നു നൽകിയത്.