മുസ്ലിം സമുദായത്തിൻ്റെ രാഷ്ട്രീയ മേലാളന്മാരായി വന്നാൽ എസ്‌വൈഎസ് നിങ്ങളെ പിടിച്ചു കെട്ടുമെന്നും മാളിയേക്കൽ സുലൈമാൻ സഖാഫി വ്യക്തമാക്കി
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് കാന്തപുരം യുവജന വിഭാഗം (SYS) നേതാവ് മാളിയേക്കൽ സുലൈമാൻ സഖാഫി രംഗത്ത്. ജമാഅത്തെ ഇസ്ലാമി കാശ്മീരിലെ ഒൻപത് തീവ്രവാദ സംഘടനകൾക്ക് സംഘടനാപരമായ നേതൃത്വം നൽകുന്നുണ്ടെന്നും അത്തരം സംഘടനകൾക്ക് ആശയങ്ങൾ പകർന്നു നൽകുന്നതും ജമാഅത്തെ ഇസ്ലാമിയാണെന്നും സുലൈമാൻ സഖാഫി ആരോപിച്ചു.
മുസ്ലിം സമുദായത്തിന്റെ രക്ഷകരായി നിങ്ങൾ വരരുതെന്നും, മുസ്ലിം സമുദായത്തിൻ്റെ രാഷ്ട്രീയ മേലാളന്മാരായി വന്നാൽ എസ്‌വൈഎസ് നിങ്ങളെ പിടിച്ചു കെട്ടുമെന്നും മാളിയേക്കൽ സുലൈമാൻ സഖാഫി വ്യക്തമാക്കി. തൃശ്ശൂരിൽ നടന്ന കേരള യുവജന സമ്മേളനത്തിൻ്റെ സമാപന ചടങ്ങിൽ ആയിരുന്നു എസ്‌വൈഎസ് നേതാവ് മാളിയേക്കൽ സുലൈമാൻ സഖാഫിയുടെ വിമർശനം.
"കാശ്മീരിലെ ഒൻപത് തീവ്രവാദ സംഘടനകൾക്ക് സംഘടനാപരമായ നേതൃത്വം നൽകുന്നതും, ആശയങ്ങൾ പകർന്നു നൽകുന്നതും ജമാ അത്തെ ഇസ്ലാമിയാണ്. ഇതു സംബന്ധിച്ച് തെളിവ് ജമാഅത്തെ ഇസ്ലാമിയുടെ അൻപതാം വാർഷിക പതിപ്പിലുണ്ട്. ഈ വാർഷിക പതിപ്പ് ഇപ്പോഴും പിൻവലിച്ചിട്ടില്ല. സ്ഥാപക നേതാവിനെ തള്ളിപ്പറയുന്നവർ മൗദൂദി ആശയങ്ങൾ പ്രചരിപ്പിക്കുന്ന സാഹിത്യങ്ങളെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ല," മാളിയേക്കൽ സുലൈമാൻ സഖാഫി പറഞ്ഞു.