
മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ പേരേയും ചേർത്തുപിടിക്കാൻ ഒരുങ്ങുകയാണ് കേരള സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്. ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയവരെ കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിൻ്റെ നേതൃത്വത്തില്‍ സംരക്ഷിക്കുമെന്ന് ചെയര്‍മാന്‍ എന്‍. അലി അബ്ദുല്ല കോഴിക്കോട് പറഞ്ഞു.
ബോര്‍ഡിൻ്റെ അംഗീകാരത്തോട് കൂടി പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളിലായുള്ള സ്ഥാപനങ്ങളില്‍ കുട്ടികള്‍, വൃദ്ധര്‍, അഗതികള്‍ തുടങ്ങിയവരെ സംരക്ഷിക്കാനും കുട്ടികള്‍ക്ക് വിദ്യാഭ്യാസമടക്കമുള്ള സൗകര്യങ്ങള്‍ നല്‍കാനും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സജ്ജമാണെന്ന് ചെയര്‍മാന്‍ വ്യകത്മാക്കി.
വയനാടിന് പുറമെ, ഉരുള്‍പൊട്ടലടക്കമുള്ള കെടുതികള്‍ അനുഭവിക്കുന്ന അര്‍ഹരായ എല്ലാവര്‍ക്കും സംരക്ഷണം നല്‍കാനാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിൻ്റെ തീരുമാനം. ഓരോ മത വിഭാഗത്തില്‍പെട്ടവര്‍ക്കും അവരുടെ താത്പര്യത്തിനനുസരിച്ച് വിവിധ സ്ഥാപനങ്ങളില്‍ അവസരം നല്‍കും.
കൂടാതെ ഹോം കെയര്‍ പദ്ധതിയും, ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന മുറയ്ക്ക് ക്യാമ്പുകളിലുള്ളവർക്ക് കൗൺസിലേഴ്സിന്റെ സേവനം കൂടെ ലഭ്യമാക്കുമെന്നും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. മറ്റു ജില്ലകളില്‍ സേവനം ചെയ്യുന്ന കൗണ്‍സിലര്‍മാരെ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യാനുസരണം വയനാട്ടിന് വിട്ടു നല്‍കും