
ജമ്മു കശ്മീരിൽ ലഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകി കേന്ദ്ര സർക്കാർ. ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഇത് പ്രകാരം ആഭ്യന്തര സുരക്ഷ, അഖിലേന്ത്യാ സർവീസ്, അറ്റോർണി ജനറൽ ഉൾപ്പെടെയുള്ളവരുടെ നിയമനം അടക്കമുള്ള നിർണായക കാര്യങ്ങളിൽ കേന്ദ്രഭരണ പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട ഗവർണറോട് അനുമതി തേടണം.
ഇന്ന് രാവിലെയാണ് രാഷ്ട്രപതിയുടെ അനുമതിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്. നിലവിൽ മനോജ് സിൻഹയാണ് ജമ്മു കശ്മീർ ഗവർണർ. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് എന്നത് ശ്രദ്ധേയമാണ്. ഓഗസ്റ്റ് 19ന് സമാപിക്കുന്ന അമർനാഥ് യാത്രയ്ക്ക് ശേഷം ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.