വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്ത മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാകുന്നു
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്ത മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാകുന്നു. ഡിസംബർ 12 വ്യാഴാച ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.
ഡിസംബർ 13 വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശ്രീലങ്ക - തമിഴ്നാട് തീരത്തിന് സമീപത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.