സാധാരണയായി ബാങ്കുകൾ ചെയ്യുന്ന പോലെ വായ്പ തിരിച്ചടവിൽ ഇളവ് നൽകുകയോ, കാലാവധി നീട്ടി നൽകുന്നതു ആയ കാര്യങ്ങൾ ഇവിടെ പ്രായോഗികമല്ല
വയനാട്ടിലെ ദുരിതബാധിതരുടെ വായ്പ കടങ്ങൾ മുഴുവനായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. ദുരന്ത ബാധിതർക്ക് സഹായം നൽകിയ തുക ഗ്രാമീൺ ബാങ്ക് ഈടാക്കുന്നതിനെ കുറിച്ച് വേറെയൊന്നും പറയുന്നില്ല. സാധാരണയായി ബാങ്കുകൾ ചെയ്യുന്ന പോലെ വായ്പ തിരിച്ചടവിൽ ഇളവ് നൽകുകയോ, കാലാവധി നീട്ടി നല്കുന്നതോ ആയ കാര്യങ്ങൾ ഇവിടെ പ്രായോഗികമല്ല. വായ്പ എടുത്തവരിൽ ഭൂരിഭാഗം ആളുകളും ഇന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത ഭൂമിയിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. തുടർവാസം പറ്റില്ലെന്ന് വിദഗ്ധ സംഘം കണ്ടെത്തിയതായി വാർത്തകൾ വരുന്നു. അവിടെ താമസിച്ചിരുന്നതിൽ ഏറെയും കർഷക കുടുംബങ്ങൾ ആണ്. രക്ഷപ്പെട്ടവർക്ക് അവരുടെ സ്ഥലത്ത് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥ. അവിടെ വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങളും വളർത്തു മൃഗങ്ങളും ഒക്കെയും നഷ്ടപ്പെട്ടു. ആ പ്രദേശത്തെ വായ്പ എഴുതി തള്ളുക എന്നത് മാത്രമാണ് ആകെ ചെയ്യാൻ കഴിയുന്ന കാര്യം. എന്നാൽ വായ്പ തുക പിടിച്ചെടുത്ത ബാങ്കിന്റെ നടപടി കണ്ണിൽ ചോരയില്ലാത്തതന്നെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഇരച്ചെത്തി മലവെള്ളം; വയനാട് ഉരുൾപൊട്ടലിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്
ഇങ്ങനെയൊരു ഘട്ടത്തിൽ യാന്ത്രികമായി മാറാൻ പാടില്ല. സംസ്ഥാനതല ബാങ്കേഴ്സ് സമിതി പൊതുവെ അനുകൂലമായ ഒരു നിലപാട് സ്വീകരിക്കണം. ദുരിതബാധിതരുടെ വായ്പ കടങ്ങൾ പൂർണമായും എഴുതി തള്ളിയ കേരളാ ബാങ്കിന്റെ നടപടി മാതൃകാപരമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിന് രാജ്യവും ലോകവും നമുക്ക് ഒപ്പം നിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദുരന്ത ബാധിതർക്ക് നൽകിയ സഹായ ധനത്തിൽ നിന്ന് ഗ്രാമീണ ബാങ്ക് വായ്പ തുക പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ വലിയ പ്രതിഷേധം നടന്നിരുന്നു.