തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ തെരച്ചിൽ പുനരാരംഭിക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. അടിയൊഴുക്ക് കുറഞ്ഞതിനാല്‍ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധന സാധ്യമാകുമോ എന്ന് പരിശോധിക്കാനിരിക്കെയാണ് വീണ്ടും കാലാവസ്ഥ പ്രതികൂലമായത്.
മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഇന്ന് എത്തി പുഴയിൽ സ്വമേധയാ തെരച്ചിൽ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിദഗ്ധ സഹായം ഇല്ലാതെ മാൽപെയെ പുഴയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഷിരൂരില്‍ അര്‍ജുനായുള്ള തെരച്ചില്‍ പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. ജില്ലാ കളക്ടർ, സ്ഥലം എംഎൽഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും, തൃശൂരില്‍ നിന്നും യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ലെന്നും കുടുംബം പറഞ്ഞു.
ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. പിന്നീട്, പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വരികയായിരുന്നു.