
വയനാട് ഉരുൾപൊട്ടലിന് മുൻപുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ പാളിപ്പോയെന്ന് മന്ത്രി എം.ബി. രാജേഷ്. ഐഎംഡിയുടെയും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും മുന്നറിയിപ്പുകൾ പാളി. മുന്നറിയിപ്പുകൾക്ക് കൂടുതൽ വ്യക്തതയും വൈദഗ്ധ്യവും കൈവരണമെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടെത്തിയവരുടെ പുനരധിവാസത്തിനുള്ള സഹായ വാഗ്‌ദാനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഗീത ഐഎഎസിന്റെ നേതൃത്വത്തിലാണ് പോർട്ടലിൻ്റെ ഏകോപനം. പുനരധിവാസത്തിന് സുരക്ഷിതമായ സ്ഥലം കണ്ടെത്താൻ നടപടി തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ക്യാമ്പുകളിൽ നിന്നും ആളുകളെ താത്ക്കാലികമായി പുനരധിവസിപ്പിക്കും. അതിനായുള്ള കെട്ടിടങ്ങളുടെയും മറ്റും കണക്കുകൾ ഒരാഴ്ച കൊണ്ട് ശേഖരിക്കും. മേപ്പാടി പഞ്ചായത്ത്, കൽപ്പറ്റ തുടങ്ങിയ ഇടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ എന്നിവയാണ് ഇതിനായി ഉപയോഗിക്കുക. അതിന് ശേഷമാകും പൂർണമായ പുനരധിവാസമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷായുടെ പാർലമെൻ്റിലെ പ്രസ്താവന കണ്ണിൽ ചോരയില്ലാത്തതെന്നും മന്ത്രി പറഞ്ഞു. അത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നു. പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മണിക്കൂറുകൾ കൊണ്ട് വ്യക്തമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.