സിപിഎം സംസ്ഥാന സമിതി തീരുമാനത്തിന് അംഗീകാരം നൽകിയാൽ പി.കെ. ശശിയെ സ്ഥാനത്ത് നിന്ന് മാറ്റും.
പി.കെ. ശശി
സിപിഎമ്മിൽ നിന്നും അച്ചടക്ക നടപടി നേരിട്ട മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശിയെ സിഐടിയു പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനം. പി.കെ. ശശിയെ സിഐടിയു ചുമതലയിൽ നിന്നും മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സിഐടിയു നടപടി.
ഇന്നലെ പാലക്കാട് ചേർന്ന സിഐടിയു ഭാരവാഹി യോഗത്തിലാണ് ശശിയെ മാറ്റാൻ തീരുമാനിച്ചത്. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കും. സിപിഎം സംസ്ഥാന സമിതി തീരുമാനത്തിന് അംഗീകാരം നൽകിയാൽ പി.കെ. ശശിയെ സ്ഥാനത്ത് നിന്ന് മാറ്റും.
ALSO READ: അച്ചടക്ക നടപടിക്ക് അംഗീകാരം; പി.കെ. ശശിക്ക് ഇനി പ്രാഥമിക അംഗത്വം മാത്രം; പാർട്ടി പദവികൾ നഷ്ടമാകും
നിലവിൽ കെടിഡിസി ചെയർമാനായ പി.കെ. ശശിയെ, ഈ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യമുണ്ട്. സിപിഎം സമ്മേളനങ്ങളിൽ ഈ ആവശ്യം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയാണ് ഇതിനെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. മണ്ണാർക്കാട് ഏരിയാ കമ്മറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവ്, സഹകരണ ബാങ്ക് നിയമനങ്ങളിലെ ക്രമക്കേട് തുടങ്ങിയ പരാതികളിൽ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിപിഎം നടപടിയെടുത്തത്. എന്നാൽ പാർട്ടി നടപടി ഉണ്ടായിട്ടും സിഐടിയു ഭാരവാഹിത്വം ഉള്ളത് തെറ്റായ സന്ദേശം നൽകുമെന്ന കാരണത്താലായിരുന്നു നടപടി.