പൊതു ജന മദ്ധ്യത്തിൽ ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സർക്കാരിന് ആവശ്യമായ തുടർ നടപടി എടുക്കാം എന്നുമാണ് നിയമോപദേശം
പൊതു സമൂഹത്തിൽ ചർച്ചയാകുന്ന ആരോപണങ്ങളിൽ പരാതി ലഭിച്ചില്ലെങ്കിലും സർക്കാരിന് തുടർനടപടികളുമായി മുന്നോട്ട്പോകാമെന്ന് നിർദ്ദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രൊസക്ഷൻ ആണ് നിയമോപദേശം നൽകിയത്.
നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം എന്ന് നിർബന്ധമില്ല, സർക്കാരിന് ആരോപണം പരിശോധിക്കാം. പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാം. പൊതു ജന മദ്ധ്യത്തിൽ ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സർക്കാരിന് ആവശ്യമായ തുടർ നടപടി എടുക്കാം എന്നുമാണ് നിയമോപദേശം. സംഭവത്തിൽ ഡിജിപി ഓഫിസിനോട് സർക്കാർ നേരത്തെ അഭിപ്രായം തേടിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നുസർക്കാർ നിലപാട്. വ്യക്തികൾ നേരിട്ട് പരാതി നൽകണം എന്നും, ആരോപണങ്ങളിൽ നടപടിയെടുക്കാൻ കഴിയില്ലെന്നുമൊക്കെയായിരുന്നു സർക്കാർ നിലപാട്. സംഭവത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ആണ് ഹേമ കമ്മിറ്റിയിലൂടെ പുറത്ത് വന്നത്. ഇതിൽ എന്താണ് സർക്കാരിന്റെ തുടർനടപടി എന്നും ഹൈക്കോടതി ചോദിച്ചിരുന്നു. റിപ്പോർട്ട് പൂർണ രൂപത്തിൽ ഹൈക്കോടതിയിൽ എത്തിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ നിലവിൽ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളിൽ സർക്കാരിന് നടപടിയെടുക്കാതെ മാറ്റ് മാർഗങ്ങൾ ഇല്ല എന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്. അതെ നിലപാട് തന്നെയാണ് ഡയറക്ടർ ജനറൽ ഓഫ് പ്രൊസക്ഷനും മുന്നോട്ട് വച്ചത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ നടൻ സിദ്ദീഖിനെതിരെയും ഇത്തരത്തിൽ നടപടിയെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.