കോൺക്ലേവിൻ്റെ ചുമതല സംവിധായകൻ ഷാജി എൻ കരുണിന് നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം
സർക്കാരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിനിമാ കോൺക്ലേവ് കൊച്ചിയിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി 2 കോടി രൂപ പാസാക്കിയിട്ടുണ്ട്. കോൺക്ലേവിൻ്റെ ചുമതല സംവിധായകൻ ഷാജി എൻ കരുണിന് നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. പരിപാടിയിൽ 400 പേരെ പങ്കെടുപ്പിക്കും.
കൊച്ചിയിൽ സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവ് തടയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വേരത്തെ പറഞ്ഞിരുന്നു. ആരോപണ വിധേയരെ പങ്കെടുപ്പിക്കുന്ന പരിപാടി അനുവദിക്കില്ലെന്നും , ഇരകൾക്ക് നീതി ലഭിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വി. ഡി. സതീശൻ മുഖ്യമന്ത്രിക്കും സിനിമ - സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമ മേഖല പ്രതിസന്ധിയിൽ, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ 'സീറോ ടോളറന്‍സ്' സമീപനമാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടതെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. പോക്‌സോ ഉള്‍പ്പെടെ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി 2019-ല്‍ സമര്‍പ്പിച്ചിട്ടും അതിന്മേല്‍ അന്വേഷണം നടത്താതെ റിപ്പോര്‍ട്ട് തന്നെ പൂഴ്ത്തിയ സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതു പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ചെയ്‌തെന്ന് അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണെന്നത് സര്‍ക്കാര്‍ മറക്കരുതെന്നും വി.ഡി. സതീശൻ കത്തിൽ പറഞ്ഞു.
ഗുരുതര കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിൻ്റെ നിയമപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാന്‍ തയാറാകാത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നത് മറക്കരുതെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്. സിനിമ മേഖലയിലെ ലൈംഗിക ആരോപണത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നാളെ യോഗം ചേരും . പരസ്യ പ്രതികരണം നടത്തിയ സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തും പരാതിയുണ്ടെങ്കിൽ കേസും രജിസ്റ്റർ ചെയ്യും പോക്സോ കുറ്റമാണെങ്കിൽ പരാതിയില്ലാതെയും കേസെടുക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം.