ഇതിനായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രതിനിധികളെ അയക്കാനാണ് തീരുമാനം
വഖഫ് ബില്ലിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാനൊരുങ്ങി സംയുക്ത പാർലമെന്‍ററി സമിതി. വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതിയുടെ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനമായത്. ഇതിനായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രതിനിധികളെ അയക്കാനാണ് തീരുമാനം.
ALSO READ: എന്താണ് വഖഫ് നിയമ ഭേദഗതി? വിവാദങ്ങള്‍ എന്തുകൊണ്ട്?
ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് ഈ മാസം അവസാനത്തോടെ പ്രതിനിധികളെ അയക്കുക. നിയമ നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കൂടുതൽ മനസ്സിലാക്കാനാണ് പുതിയ തീരുമാനം. പാറ്റ്‌നയിലെ ചാണക്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റി, വൈസ് ചാൻസലർ പ്രൊഫ ഫൈസാൻ മുസ്തഫ, പാസ്മണ്ട മുസ്‌ലിം മഹസ്, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് എന്നിവരിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമിതി കഴിഞ്ഞ ദിവസം കേട്ടിരുന്നു.
ബജറ്റ് സമ്മേളനത്തിനിടെയാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. പിന്നീട് കൂടുതൽ ചർച്ചകൾക്കായി ബില്ല് സംയുക്ത പാലമെന്‍ററി സമിതിക്ക് അയക്കുകയായിരുന്നു. വഖഫ് ഭേദഗതി ബിൽ അവലോകനം ചെയ്യുന്നതിനായാണ് 21 ലോക്‌സഭ അംഗങ്ങളുള്ള പാർലമെന്‍ററി സമിതി കേന്ദ്രം രൂപീകരിച്ചത്. വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റിയ്ക്ക് അയയ്ക്കാൻ കേന്ദ്രം നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് സമിതിയുടെ രൂപീകരണം. രാജ്യസഭയിൽ നിന്നുള്ള 10 അംഗങ്ങളും സമിതിയിലുണ്ട്.
ALSO READ: വഖഫ് ഭേദഗതി ബിൽ അവലോകനം; 21 അംഗ സംയുക്ത പാർലമെൻ്ററി സമിതി രൂപീകരിച്ച് കേന്ദ്രം
ജഗദാംബിക പാൽ, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്‌സ്വാൾ, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ, ഡികെ അരുണ, ഗൗരവ് ഗൊഗോയ്, ഇമ്രാൻ മസൂദ്, മുഹമ്മദ് ജാവേദ്, മൊഹിബുള്ള, കല്യാൺ ബാനർജി, എ രാജ, ലാവു കൃഷ്ണ ദേവരായാലു, ദിലേശ്വർ കമൈത്ത്, അരവിന്ദ് സാവന്ത്, മഹ്ത്രേ ബല്യ മാമ സുരേഷ് ഗോപിനാഥ്, നരേഷ് ഗൺപത് മ്ഹസ്കെ, അരുൺ ഭാരതി, അസദുദ്ദീൻ ഒവൈസി എന്നിവരാണ് ലോക്സഭയിൽ നിന്നുള്ള സമിതി അംഗങ്ങൾ.