
ജീവിതവും എഴുത്തും സമരതുല്യമാക്കിയ അതുല്യ പ്രതിഭ പി കേശവദേവിന്‍റെ ഓര്‍മ്മകള്‍ക്ക് 41 വയസ്. മനുഷ്യ സ്നേഹത്തിലൂന്നിയ സാഹിത്യ സൃഷ്ടികളിലൂടെ മലയാള ഭാഷയ്ക്കും സാംസ്കാരിക ലോകത്തിനും അനിര്‍വചനീയമായ ആഖ്യാനമൊരുക്കിയാണ് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ദളിതവത്കരണം അത്രത്തോളം ചര്‍ച്ചയായ നമ്മൂടെ നാട്ടില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും കേശവദേവിന്‍റെ 'ഓടയില്‍നിന്ന്' നോവലും പപ്പു എന്ന കഥാപാത്രവും സംസാര വിഷയമാകുന്നെങ്കില്‍ കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന കരുത്തുറ്റ എഴുത്തായി അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ നിലനില്‍ക്കുന്നു. സമൂഹത്തില്‍ നീതികേടനുഭവിക്കുന്ന ഒരു ജനവിഭാഗത്തിന്‍റെ പ്രതിനിധിയായി പപ്പു ഒടുവില്‍ തെരുവില്‍ മരിച്ചുവീഴുന്ന നിമിഷം ഒരിറ്റു കണ്ണീരോടെയല്ലാതെ, തൊണ്ടയിടറാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല.
സംഭവബഹുലമായ ബാല്യവും യൗവനവും കേശവദേവിന്‍റെ എഴുത്തിലും പ്രകടമായിരുന്നു. 1904 ജൂലൈ 21ന് വടക്കന്‍ പറവൂരിലെ കെടാമംഗലത്ത് അപ്പുപിള്ളയുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായാണ് കേശവപിള്ള എന്ന പി കേശവദേവ് ജനിച്ചത്. എഴുത്ത് പഠിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജമൊന്നുമില്ലെന്നായിരുന്നു 'കൊച്ചു കേശവന്‍റെ' നിലപാട്. കളിയും നാടുചുറ്റലുമായി നാളുകള്‍ കടന്നുപോയെങ്കിലും രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എഴുത്തുപള്ളിയില്‍ പോയി തുടങ്ങി. സന്ധ്യയ്ക്ക് നിലവിളക്കിന് മുന്നില്‍ അച്ഛന്‍ നടത്തിയിരുന്ന രാമായണ പാരായണത്തിന്‍റെ ശീലുകളും കഥപറച്ചിലും കേശവനിലെ കഥാകാരന് വിത്തുപാകി. തേഡ് ഫോറം പഠിക്കുമ്പോള്‍ സ്കൂള്‍ വിട്ടിറങ്ങി. തുടര്‍ന്ന് ചിട്ടിപണം പിരിക്കലും ട്യൂഷനെടുക്കലുമൊക്കെയായി ജീവിതം മുന്നോട്ട് പോയി. ഇടയ്‌ക്കെവിടെയോ വായനശീലം നഷ്ടപ്പെട്ടെങ്കിലും എഴുത്തിന്‍റെ ലോകം കേശവനെ വരവേറ്റു.
പണ്ഡിറ്റ് ഖുശി റാമിന്റെ ചിന്തകളിൽ ആകൃഷ്ടനായി ആര്യസമാജത്തിൽ ചേർന്ന് കേശവദേവ് എന്ന പേര് സ്വീകരിച്ചു. പിന്നീട് യുക്തിവാദി പ്രസ്ഥാനത്തിൻറെ പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച് തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മ എന്നീ പത്രങ്ങളുടെ പത്രാധിപരായി. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെയും പ്രസിഡന്റായിരുന്ന അദ്ദേഹം കുറച്ചുകാലം ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി നോക്കി.
ആദ്യ ഭാര്യ ഗോമതിയുമായുള്ള ദാമ്പത്യ ജീവിതം പൊരുത്തക്കേടുകളാല്‍ അധികകാലം മുന്നോട്ടുപോയില്ല. പീന്നീടായിരുന്നു സീതാലഷ്മിയുമായുള്ള വിവാഹം. അത്ര ചെറുതല്ലാത്ത കോളിളക്കം ഈ വിവാഹത്തെ ചൊല്ലി അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായി. കേശവദേവിനെക്കാള്‍ 40 വയസ് കുറവുള്ള ആളായിരുന്നു സീതാലക്ഷ്മി. 'ഓടയില്‍ നിന്ന്' എന്ന നോവല്‍ വായിച്ച് കേശവദേവിന്‍റെ ആരാധികയായി മാറിയ സീതാലക്ഷ്മി അദ്ദേഹത്തെ നേരിട്ട് കാണാന്‍ അതിയായി ആഗ്രഹിച്ചു. അങ്ങനെയിരിക്കേയാണ് കേശവദേവ് സീതയുടെ വീടിനടുത്തേക്ക് താമസിക്കാനെത്തുന്നത്. കേശവദേവ് വന്നതറിഞ്ഞ് നിരവധിയാളുകള്‍ കാണാനെത്തി. സീത അന്ന് വിദ്യാര്‍ഥിനിയാണ്. സഹോദരിയെയും കൂട്ടി അദ്ദേഹത്തെ കാണാന്‍പോയി. ആദ്യ സന്ദര്‍ശനത്തില്‍ത്തന്നെ സീതയുടെ ഇഷ്ടം കേശവദേവിന് മനസ്സിലായി. വൈകാതെ തന്നെ ഇരുവരും പ്രണയത്തിലായി. പ്രണയം സീതയുടെ വീട്ടുകാര്‍ അറിഞ്ഞു. ആകാശവാണിയില്‍ സ്ഥിരവരുമാനമുള്ള ജോലിയാണ് കേശവദേവിന് അക്കാലത്ത്. ആരെയും അറിയിക്കാതെ ഇരുവരും വിവാഹിതരായി. മകളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു എന്ന സീതയുടെ വീട്ടുകാരുടെ പരാതിയില്‍ കേശവദേവ് അറസ്റ്റിലായി. ആകാശവാണിയിലെ ജോലി പോയി. എന്നിട്ടും അവരുടെ പ്രണയം അവരെ ഒന്നിച്ചു ജീവിക്കാന്‍ പ്രാപ്തരാക്കി. അവസാന നാളുകളിലടക്കം ഇരുവരും ഒന്നിച്ച് ജീവിച്ച ദിവസങ്ങളെ പറ്റി 'കേശവദേവ് എന്റെ നിത്യകാമുകൻ', 'കേശവദേവിനോടൊപ്പം സീത' എന്നീ പുസ്കങ്ങളില്‍ സീതാലക്ഷ്മി ദേവ് എഴുതിയിട്ടുണ്ട്.
സമൂഹം ഏറ്റവും താണതലത്തിലുള്ളവരായി മുദ്രകുത്തിയ മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തയാളാണ് കേശവദേവ്. ഓടയില്‍ നിന്നിന് പുറമെ ഭ്രാന്താലയം, അയല്‍ക്കാര്‍, റൗഡി, കണ്ണാടി, സ്വപ്നം, ഞൊണ്ടിയുടെ കഥ എന്നിങ്ങനെ നിരവധി നോവലുകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഇതില്‍ പലതും ചലച്ചിത്ര രൂപത്തിലും ജനങ്ങളിലെക്കെത്തി. തോപ്പില്‍ ഭാസിയും കെ.എസ് സേതുമാധവനുമൊക്കെയാണ് ഇതിന് തയാറായി മുന്നോട്ടുവന്നത്.
അസംഖ്യം ചെറുകഥകളും ഒരുപിടി നാടകങ്ങളും കേശവദേവില്‍ നിന്നുണ്ടായി. ഞാനിപ്പൊ കമ്യൂണിസ്റ്റാവും (1953) ചെകുത്താനും കടലിനുമിടയിൽ (1953) മഴയങ്ങും കുടയിങ്ങും എന്നീ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അസുഖബാധിതനായ നാളുകളിലും എഴുതാതിരിക്കാന്‍ കേശവദേവിന് കഴിയുമായിരുന്നില്ല. ഓരോ തവണ ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തുമ്പോഴും അച്ഛന്‍ എഴുതാന്‍ ശ്രമിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ മകനും പ്രമേഹരോഗ വിദഗ്ധനുമായ ഡോ.ജ്യോതിദേവ് പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. 'പഠിച്ച കള്ളന്മാര്‍ ' എന്ന അവസാന നാളുകളില്‍ എഴുതിയ പുസ്തകം പൂര്‍ത്തീയാക്കാന്‍ കഴിയാതെ വന്നെങ്കിലും ഭാര്യ സീതാലക്ഷ്മി കേശവദേവിന് വേണ്ടി അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ 1983 ജൂലൈ 1ന് ജീവിതത്തിലെയും എഴുത്തിലെയും സമരനാളുകള്‍ പൂര്‍ത്തിയാക്കി കേശവദേവ് വിടപറഞ്ഞു.