തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം നാടെങ്ങും പ്രചരിച്ചതോടെ തീർത്തും പ്രതിസന്ധിയിലാണ് വിനോദും കുടുംബവും
കുറുവാ സംഘാംഗമെന്ന പേരിൽ സ്വന്തം ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി യുവാവ്. മരംമുറി തൊഴിലാളിയായ തൃശൂർ കാട്ടൂർ സ്വദേശി വിനോദാണ് നിയമ നടപടിക്കൊരുങ്ങുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ ചേർപ്പ് പൊലീസ് വിനോദിനെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി കണ്ടെത്തി. പക്ഷെ, തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം നാടെങ്ങും പ്രചരിച്ചതോടെ തീർത്തും പ്രതിസന്ധിയിലാണ് വിനോദും കുടുംബവും.
കുറുവാ സംഘാംഗമെന്ന പേരിൽ തന്റെ ചിത്രം വച്ചുള്ള പ്രചാരണങ്ങളെ വിനോദ് ആദ്യം കാര്യമായി എടുത്തിരുന്നില്ല. എന്നാൽ കൊച്ചിയിലും, ആലപ്പുഴയിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം ഉറപ്പിക്കുകയും പൊലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തതോടെയാണ് കഥ മാറിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ മറ്റൊരാളുടെ ചിത്രത്തിനൊപ്പം വിനോദിന്റെ ചിത്രവും ശബ്ദ സംഭാഷണവും വ്യാപകമായി പ്രചരിച്ചു. ഇതോടെ പരാതിയുമായി ചേർപ്പ് പൊലീസിനെ സമീപിച്ചു, പരാതി നൽകിയെങ്കിലും കാര്യമായ യാതൊരു പ്രയോജനവും ഇതുവരെ ഉണ്ടായിട്ടില്ല.
ALSO READ: പറവൂരില്‍ എത്തിയത് കുറുവ സംഘാംഗം സന്തോഷ് സെല്‍വമല്ല; മറ്റു തമിഴ് മോഷ്ടാക്കളെന്ന് പൊലീസ്
ജോലിയുടെ ഭാഗമായി ഒക്ടോബര്‍ 18ന് ആറാട്ടുപുഴ തേവര്‍ റോഡില്‍ എത്തിയപ്പോഴാണ് ദുരനുഭവങ്ങളുടെ തുടക്കമെന്നാണ് വിനോദ് പറയുന്നത്. ആറാട്ടുപുഴ സ്വദേശിയായ ഒരാളുടെ മരങ്ങൾ വാങ്ങാനെത്തിയ വിനോദ് പ്രദേശത്തെ മോഷണ ശല്യത്തെ കുറിച്ച് ആളുകളോട് ചോദിച്ചു. ഇതിൽ സംശയം തോന്നിയ ചിലരാണ് ഫോണിൽ വിനോദിന്റെ ചിത്രം പകർത്തി പ്രചരിപ്പിച്ചത്. വ്യാജ പ്രചരണത്തെ തുടർന്ന് തീർത്തും ബുദ്ധിമുട്ടിലായ കുടുബം ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
വിനോദിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ തൃശൂർ ചേർപ്പ് പൊലീസ് അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് തൃശൂർ റൂറൽ എസ്പിക്ക് വിനോദും ഭാര്യയും പരാതി നൽകിയത്. ഇനി ഒരാൾക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകാതിരിക്കാൻ തെറ്റായ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം.
ALSO READ: ആരാണ് കുറുവാ സംഘം? എന്താണീ 'തിരുട്ട്' കൂട്ടത്തിന്‍റെ മോഷണ രീതി?