വിലങ്ങാട് ഉരുൾപൊട്ടലിൽ ഏകദേശം 500 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് പ്രാഥമിക കണക്ക് സൂചിപ്പിക്കുന്നത്
ജീവന് ആപത്തൊന്നും സംഭവിച്ചില്ലെങ്കിലും വയനാടിലുണ്ടായതിന് സമാനമായ ദുരന്തമാണ് വിലങ്ങാട് സംഭവിച്ചതെന്ന് ഇ.കെ. വിജയൻ എംഎൽഎ. ജനങ്ങളുടെ പുനരധിവാസം സംബന്ധിച്ച വിഷയങ്ങളിൽ ഉടനടി തീരുമാനം എടുക്കും. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള നടപടികളാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുന്നതെന്നും എംഎൽഎ ന്യൂസ് മലയാളത്തോട് പറഞ്ഞു.
വിലങ്ങാട് ഉരുൾപൊട്ടലിൽ ഏകദേശം 500 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് പ്രാഥമിക കണക്ക് സൂചിപ്പിക്കുന്നത്. വടകര എഡിഎം അൻവർ സാദത്തിന്റെ നേതൃത്വത്തിലാണ് നഷ്ടം കണക്കാക്കുന്നത്. കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം ഉണ്ടായി. മുന്നൂറിലേറെ വൈദ്യുതി തൂണുകൾ തകർന്നു, ട്രാൻസ്ഫോമറുകൾ ഒലിച്ചുപോയി. മേഖലയിലെ റോഡുകൾ തകർന്നു. ഇതോടെ മലയോരമേഖലയുമായുള്ള ബന്ധം പൂർണമായും നിലച്ചു. പുഴയോരത്തെ കാർഷിക വിളകൾ പൂർണമായി നശിച്ചു. വീടുകൾ, കടകൾ, വായനശാലകൾ, കുരിശുപള്ളി എന്നിങ്ങനെ ഒരു പ്രദേശം തന്നെ ഇല്ലാതായി. നഷ്ടം സംബന്ധിച്ച കണക്കുകൾ വിവിധ വകുപ്പുകൾ ശേഖരിച്ചുവരികയാണ്. വിലങ്ങാട് പ്രദേശത്തെ ജനങ്ങളുടെ മുൻപരിചയവും, ജാഗ്രതയും ആണ് വലിയ ദുരന്തം ഒഴിവാകാൻ കാരണമെന്ന് ഇ.കെ. വിജയൻ എംഎൽഎ പറഞ്ഞു.
ഒമ്പത് തവണയായുണ്ടായ ഉരുൾപൊട്ടലിൽ 15 വീടുകളാണ് ഒലിച്ചുപോയത്. നാൽപതിലധികം വീടുകൾക്ക് നാശ നഷ്ടമുണ്ടായിട്ടുണ്ട്. നിരവധി പാലങ്ങൾ ഒളിച്ചുപോയി. നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 185 കുടുംബങ്ങളിലെ 900ത്തോളം പേരാണ് കഴിയുന്നത്. ഇവർക്കാവശ്യമായ വൈദ്യ സഹായമടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശവും, ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ക്യാംപുകളില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ഭീഷണിയുള്ള ക്യാംപുകള്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാനും മന്ത്രി നിര്‍ദ്ദേശിച്ചു. എംഎല്‍എമാരായ ലിന്റോ ജോസഫും, സച്ചിന്‍ ദേവും വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. എൻഡി.ആർ.എഫിന്റെയും പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.