
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ പതിമൂന്നാം ദിനവും തുടരും. ഗംഗാവാലി പുഴയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മത്സത്തൊഴിലാളിയായ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. ഉഡുപ്പി അക്വാമാന്‍ എന്നാണ് ഈശ്വര്‍ മാല്‍പെ അറിയപ്പെടുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയായിരുന്നു ഇന്നലെയും തെരച്ചില്‍ നടന്നത്.
രക്ഷാദൗത്യ സംഘം ഇന്നലെ നടത്തിയ തെരച്ചിലില്‍ അര്‍ജുനെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഗംഗാവാലി പുഴയിലെ അടിയൊഴുക്കും അടിത്തട്ടിലെ വന്‍കല്ലുകളും പരിശോധനയെ തടസപ്പെടുത്തുന്നുണ്ട്. രക്ഷാ ദൗത്യം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന കാര്യത്തില്‍ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങളുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. ദൗത്യത്തിന്‍റെ പുരോഗതിയെ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.