ജീവൻ കൈയ്യിൽ പിടിച്ച് ഓടി രക്ഷപ്പെട്ട പലരും ഇനി ഇവിടേക്ക് തിരിച്ചു വരാൻ തയ്യാറല്ല
നൂറിലേറെ കുടുംബങ്ങളുണ്ടായിരുന്ന മുണ്ടക്കൈ ഇന്ന് പാറക്കല്ലുകൾ നിറഞ്ഞ താഴ്വരയാണ്. പതിനേഴ് വീടുകൾ മാത്രമാണ് ഇവിടെ ഇനി ബാക്കിയുള്ളത്. ജീവൻ കൈയ്യിൽ പിടിച്ച് ഓടി രക്ഷപ്പെട്ട പലരും ഇനി ഇവിടേക്ക് തിരിച്ചു വരാൻ തയ്യാറല്ല.
നൂറിലേറെ കുടുംബങ്ങളാണ് വെള്ളാർമല സ്കൂൾ-മുണ്ടക്കൈ റോഡിന് സമീപത്തായി താമസിച്ചിരുന്നത്. മിക്കവരും തേയിലത്തോട്ടത്തിലെ ജീവനക്കാർ. മറ്റു ചിലർ ദിവസ വേതന തൊഴിലാളികൾ. സന്തോഷത്തിലും ദുഃഖത്തിലും ഒന്നിച്ചു നിന്നവർ. എന്തിനും ഏതിനും ഒന്നിച്ചു നിന്ന ഗ്രാമം. പ്രകൃതിയോടിണങ്ങി മണ്ണിൽ പണിയെടുത്ത് ജീവിതോപാധി കണ്ടെത്തിയവർ. എന്നാൽ ഇന്ന് അവരിൽ ശേഷിക്കുന്ന വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.
ALSO READ: ഇനി കണ്ടെത്താനുള്ളത് 152 പേരെ; ചൂരല്‍മലയില്‍ തെരച്ചില്‍ ഒമ്പതാം നാള്‍
നിറകണ്ണുകളോടെയല്ലാതെ ഇവിടുത്തുകാർക്ക് ആ രാത്രി ഓർത്തെടുക്കാനാകുന്നില്ല. ജീവൻ കൈയ്യിൽ പിടിച്ച് അന്ന് ക്യാമ്പുകളിലേക്ക് മാറിയവരിൽ പലരും ഇങ്ങോട്ട് വരാൻ മടിക്കുകയാണ്. ഇന്നലെ വരെ പരസ്പരം കണ്ട് സംസാരിച്ചിരുന്നവർ. അവർ ഇനി മുതൽ ഇല്ലെന്ന് ഉൾക്കൊള്ളാനാകുന്നില്ല. അവർ ഉറങ്ങുന്ന മണ്ണിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് പറയുന്നവരാണ് ഏറെയും. ഇവർ കൂടി വരാതാകുന്നതോടെ മുണ്ടക്കൈ എന്ന ഗ്രാമം ഒരു ദുരന്തത്തിന്റെ ഓർമയായി മാറും.