
ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യത നിലനിൽക്കുന്നെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി. മൂന്ന് ദിവസം നീണ്ട വിദഗ്ധ സംഘത്തിൻ്റെ പരിശോധനക്ക് ശേഷമായിരുന്നു സംഘത്തലവൻ ജോൺ മത്തായിയുടെ പ്രതികരണം. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറംഗ സംഘമാണ് ദുരന്തമേഖല സന്ദർശിച്ചത്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.
പുഞ്ചിരിമട്ടത്ത് നദിയോട് ചേർന്ന് വീടുകൾ സ്ഥിതിചെയ്യുന്ന ഭാഗം വാസയോഗ്യമല്ല. മേഖലയിൽ ഭാവിയിലും ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധ സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. ചൂരൽമലയിലെ ഭൂരിഭാഗം ഇടങ്ങളും താമസയോഗ്യമാണെന്നും സംഘം വ്യക്തമാക്കി. മേഖലയിൽ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നതിൽ സർക്കാരിന് നയപരമായി തീരുമാനമെടുക്കാം.
ഉരുൾപൊട്ടി സീതമ്മക്കുണ്ട് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഡാമിന് സമാനമായ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതാണ് എട്ടു കിലോമീറ്റർ ദൂരത്തിൽ ദുരന്തം വ്യാപിക്കാൻ കാരണം. വെള്ളക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞ് കൂടുതൽ ശക്തിയോടെ താഴേയ്ക്ക് പതിക്കുകയായിരുന്നു. വനപ്രദേശം ആയതിനാൽ വൻമരങ്ങൾ കൂടി താഴേക്ക് പതിച്ചത് അപകടത്തിൻ്റെ ആഘാതം വർധിപ്പിച്ചെന്നും സമിതി വ്യക്തമാക്കി.
അതേസമയം വയനാട് ദുരന്തത്തെ സ്മരിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഉള്ളു തുറന്ന് സന്തോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും ഓർമ്മകൾ ഏവരിലും സന്തോഷവും അഭിമാനവും നിറയ്ക്കും. എന്നാൽ, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നമ്മളിന്ന് ഉള്ളത്. വയനാട്ടിലുണ്ടായ ദുരന്തം നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് വയനാട്ടിലെ ദുരന്തം. അവ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. 77 കൊല്ലങ്ങൾക്കു മുമ്പ് നമ്മുടെ രാജ്യം സ്വതന്ത്രമാകുമ്പോൾ ഇത്തരം പ്രതിസന്ധികളെ കുറിച്ച് ലോകത്തിനുതന്നെ അവബോധം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഭരണഘടനാ ശില്പികളുടെ ശ്രദ്ധയിൽ അത്തരം വിഷയങ്ങൾ കടന്നുവന്നതുമില്ല. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഭരണഘടനാ ഭേദഗതികളിലൂടെയും നിയമനിർമ്മാണങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണം എന്നത് നമ്മിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്തമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.