റഷ്യൻ പട്ടാളത്തിനൊപ്പം ഉണ്ടായിരുന്ന സംഘത്തിന് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. സന്ദീപ് ഉൾപ്പെട്ട 12 അംഗ റഷ്യൻ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായാണ് വിവരം
റഷ്യൻ സൈന്യത്തിനു നേരെയുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. തൃശൂർ തൃക്കൂർ സ്വദേശി സന്ദീപ്(36) ആണ് കൊല്ലപ്പെട്ടത്. റഷ്യയിലെ മലയാളി അസോസിയേഷനാണ് സദീപിൻ്റെ മരണം സ്ഥിരീകരിച്ചത്. എന്നാൽ ഇക്കാര്യം എംബസി സ്ഥിരീകരിച്ചിട്ടില്ല.
റഷ്യൻ പട്ടാളത്തിനൊപ്പം ഉണ്ടായിരുന്ന സംഘത്തിന് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. സന്ദീപ് ഉൾപ്പെട്ട 12 അംഗ റഷ്യൻ പട്രോളിങ് സംഘം കൊല്ലപ്പെട്ടതായാണ് വിവരം. എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം അടുത്ത ദിവസമേ ലഭിക്കുകയുള്ളൂ.
ചാലക്കുടിയിലെ ഏജൻസി വഴിയാണ് സന്ദീപും മറ്റ് ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്കോയിൽ റസ്റ്ററൻ്റിലെ ജോലിക്കെന്ന് പറഞ്ഞ് ഏപ്രിൽ രണ്ടിന് റഷ്യയിലേക്ക് പോയ സന്ദീപ് സൈനിക ക്യാംപിലെ ക്യാൻ്റിനിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് സുരക്ഷിതനാണെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ സന്ദീപ് റഷ്യൻ പൗരത്വം സ്വീകരിച്ചുവെന്നും സൈന്യത്തിൽ ചേർന്നതായും വിവരമുണ്ട്. റഷ്യയിൽ പൗരത്വം ലഭിക്കണമെങ്കിൽ സൈന്യത്തിൽ ചേരേണ്ടതുണ്ട്.
റഷ്യൻ അതിർത്തി മേഖലയായ റെസ്തോവിലുണ്ടായ ആക്രമണത്തിൽ സന്ദീപ് ഉൾപ്പെട്ട മലയാളികൾ മരിച്ചെന്ന വാർത്ത വാട്സ് ആപ്പിലൂടെ പ്രചരിച്ചതോടെയാണ് വിവരം നാട്ടിലറിയുന്നത്. സന്ദീപ് റഷ്യൻ പൗരത്വം സ്വീകരിച്ചിട്ടുണ്ടെങ്കിൽ മൃതദേഹം നാട്ടിലേത്തിക്കാൻ തടസ്സമുണ്ടാകുമോ എന്ന ആശങ്കയിലാണ് ബന്ധുക്കൾ. സന്ദീപിനെ കുറിച്ചുള്ള വിവരങ്ങൾ അറിയണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്ക് പരാതി നൽകിയിരുന്നു.