എക്സ്പ്ലോസീവ് നിയമത്തിലെ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വെടിക്കെട്ട് നിയന്ത്രിക്കുന്നവർക്കുള്ള പെസോയുടെ പരീക്ഷ ദേവസ്വം പ്രതിനിധികൾ പാസായിട്ടുണ്ട്
പ്രതിസന്ധികൾ പരിഹരിച്ച് വേല വെടിക്കെട്ടിന് ഒരുങ്ങി തൃശൂർ തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങൾ. ഹൈക്കോടതി നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചുള്ള പാറമേക്കാവിൻ്റെ വെടിക്കെട്ട് നാളെ പുലർച്ചെ നടക്കും. ഞായറാഴ്ചയാണ് തിരുവമ്പാടി ക്ഷേത്രത്തിലെ വെടിക്കെട്ട്. അനിശ്ചിതത്വങ്ങൾ അവസാനിച്ചതോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
Also Read: ആറ് വർഷം നീണ്ട നിയമ പോരാട്ടം; പെരിയ ഇരട്ട കൊലക്കേസിൽ ഇന്ന് വിധി
പുരം നടത്തിപ്പിലും ആന എഴുന്നള്ളത്തിലുമുണ്ടായ പ്രശ്നങ്ങൾ മറികടന്നതിന് സമാനമായാണ് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ വേല വെടിക്കെട്ടിലുണ്ടായ പ്രതിസന്ധിയെയും നേരിട്ടത് . കേന്ദ്ര സർക്കാരിന് കീഴിലെ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രങ്ങളായിരുന്നു തിരിച്ചടി. എന്നാൽ ഹൈക്കോടതിയിലൂടെ അതിനെ മറികടക്കാനായതാണ് ദേവസ്വങ്ങളുടെയും നേട്ടം. സുരക്ഷ മുൻ നിർത്തിയുള്ള കോടതിയുടെ നിർദേശങ്ങൾ പ്രധാനപ്പെട്ടവയായിരുന്നു. വെടിക്കെട്ട് നടത്തുന്ന കമ്പക്കാരനും സഹായിയും പെസോയുടെ പരീക്ഷ പാസാവണം , വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന തേക്കിൻക്കാട് മൈതാനിയിലെ മാഗസിൻ അടച്ചിടണം , വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും നിർമാണ കേന്ദ്രത്തിൽ നിന്ന് നേരിട്ട് എത്തിച്ച് ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങൾ പാലിക്കാൻ ദേവസ്വങ്ങൾ സമ്മതിച്ചതോടെയാണ് ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് അനുമതി നൽകിയത്.
Also Read: ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്സൈസ്; 65 റെയ്ഡുകളിലായി രജിസ്റ്റർ ചെയ്തത് 195 കേസുകള്‍
എക്സ്പ്ലോസീവ് നിയമത്തിലെ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വെടിക്കെട്ട് നിയന്ത്രിക്കുന്നവർക്കുള്ള പെസോയുടെ പരീക്ഷ ദേവസ്വം പ്രതിനിധികൾ പാസായിട്ടുണ്ട്. തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി പി. ശശിധരൻ , പാറമേക്കാവ് ദേവസ്വം കമ്മറ്റി അംഗം മഠത്തിൽ രാജേഷ് , വെടിക്കെട്ട് ലൈസൻസി ആയിരുന്ന സജീവ് കുണ്ടന്നൂർ തുടങ്ങിയവരാണ് രാജ്യത്ത് തന്നെ ആദ്യമായി വെടിക്കെട്ട് നിയന്ത്രണത്തിന് പെസോ നൽകിയ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. അതേസമയം, എഡിഎമ്മിന്റെ അനുമതി ലഭിച്ചെങ്കിലും കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നാണ് ദേവസ്വങ്ങളോട് പൊലീസും ഫയർഫോഴ്സും ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്നങ്ങൾ അവസാനിച്ചതോടെ പാറമേക്കാവിന്റെ വേല വെടിക്കെട്ട് നാളെ പുലർച്ചെയും തിരുവമ്പാടിയുടേത് ഞായറാഴ്ച രാത്രിയിലും നടക്കുമെന്നുമാണ് ദേവസ്വങ്ങൾ അറിയിച്ചിരിക്കുന്നത്.