ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടരും'
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് 'തുടരും'. പ്രഖ്യാപന സമയം തൊട്ടെ പ്രേക്ഷകര്‍ ആവേശത്തോടെയാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനുമായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍, ടീസറുമായി ബന്ധപ്പെട്ട പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാവായ എം. രഞ്ജിത്ത്. 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന സീരീസിന്റെ പ്രിവ്യു ഷോയ്ക്ക് വന്നപ്പോഴായിരുന്നു രഞ്ജിത്ത് ഇതേ കുറിച്ച് പ്രതികരിച്ചത്.
'എമ്പുരാന്‍ എന്ന സിനിമ അതിന്റെ പീക്കില്‍ പോകുന്നത് കൊണ്ട് അതിന്റെ വിജയത്തിന് പിന്നാലെയാകും നമ്മുടെ സിനിമയുടെ റിലീസ്. തുടരും എന്ന സിനിമയുടെ പ്രമോഷന്‍ കൃത്യമായ ഇടവേളകളില്‍ നടക്കും,' എം രഞ്ജിത്ത് പറഞ്ഞു.
'എമ്പുരാന്റെ റിലീസിനൊപ്പം തുടരും ട്രെയ്ലര്‍ വരുമോ?' എന്ന ചോദ്യത്തിന് 'അങ്ങനെ പ്ലാന്‍ ചെയ്തിട്ടുണ്ട്. ആളുകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാല്‍ നമുക്കും ഏറെ ഉത്തരവാദിത്തങ്ങളുണ്ട്. അതിന് വേണ്ടുന്ന സാങ്കേതിക കാര്യങ്ങള്‍ ഗംഭീരമായി ചെയ്യുകയാണ്. സിനിമയുടെ റിലീസ് വിവരങ്ങള്‍ എല്ലാ പ്രേക്ഷകരെയും സന്തോഷിപ്പിക്കും വിധം വരും,' എന്നും എം രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. റാന്നിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ആര്‍ഷ ചാന്ദിനി ബൈജു, ബിനു പപ്പു എന്നിവരും ചിത്രത്തിലുണ്ട്. ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഷാജി കുമാര്‍ ഛായാഗ്രാഹകന്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. മോഹന്‍ലാലിന്റെ 360-ാമത്തെ ചിത്രമാണിത്. കെ.ആര്‍ സുനില്‍ തരുണ്‍ മൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 99 ദിവസമാണ് ചിത്രം ഷൂട്ട് ചെയ്തത്.
'മോഹന്‍ലാല്‍ എന്ന് പറയുന്ന ഒരാള്‍ സാധാരണക്കാരനായി മുണ്ട് മടക്കിക്കുത്തി നാട്ടിന്‍പുറങ്ങളിലൂടെ നടക്കുന്നു, ഡ്രൈവ് ചെയ്ത് പോകുന്നു, സാധാരണക്കാരുടെ ഇടയിലൂടെ നടക്കുന്നു, തമാശകള്‍ പറയുന്നു എന്നൊക്കെ പറയുന്ന തരത്തിലാണ് സിനിമയിലുള്ളത്. പണ്ട്, 'സന്മനസുള്ളവര്‍ക്ക് സമാധാനവും', മിഥുനവും അങ്ങനെയൊക്കെയുള്ള സിനിമകള്‍ കണ്ടിട്ടുള്ള റെഫറന്‍സിലാണ് ഈ സിനിമയും ചെയ്തിരിക്കുന്നത്. അതിലൊക്കെ നമ്മള്‍ കണ്ടിട്ടുള്ള നിസഹായനായ ലാലേട്ടന്‍ ഉണ്ടല്ലോ. ഇപ്പോള്‍ മിഥുനത്തില്‍ കണ്ടിട്ടുള്ള മോഹന്‍ലാല്‍. അല്ലെങ്കില്‍ നെട്ടോട്ടമോടുന്ന ലാലേട്ടന്‍ അതൊക്കെയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്', തുടരും ചിത്രത്തിലെ ഷണ്‍മുഖം എന്ന കഥാപാത്രത്തെ കുറിച്ച് തരുണ്‍ മൂര്‍ത്തി പറഞ്ഞത് ഇങ്ങനെയാണ്.