483 പേർക്കാണ് ആ വെള്ളപ്പൊക്കത്തിൽ ജീവൻ പൊലിഞ്ഞത്. ഔദ്യോഗികമായി പതിനാല് പേരാണ് അന്ന് കാണാതായത്
കേരളത്തിലെ മഹാപ്രളയം നടന്നിട്ട് ഇന്നേക്ക് ആറ് വർഷം. 2018നു ശേഷം വന്ന ഓരോ കാലവർഷവും ഭയത്തോടെയാണ് കടന്ന പോകുന്നത്. 99ലെ വെള്ളപ്പൊക്കത്തിന്റെ കഥകൾ മാത്രം കേട്ട തലമുറകൾക്കു മുന്നിൽ വെള്ളം അതിന്റെ സംഹാരശക്തി നേരിട്ടു കാണിച്ചുകൊടുത്തത് 2018 ഓഗസ്റ്റ് 15നാണ്. അതിശക്തമായ മഴ ജൂലൈ അവസാനം മുതൽ തുടർന്നിരുന്നു. ഇടുക്കി അണക്കെട്ട് ജലനിരപ്പ് 2398.98 അടിയായി ഉയർന്നു. പിന്നാലെ, 26 വർഷങ്ങൾക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. ഓഗസ്റ്റ് 10നു രാവിലെ 7ന് രണ്ട് ഷട്ടറുകൾ കൂടി തുറന്നു.
ചെറുതോണി പുഴകടന്ന് പെരിയാറും നിറഞ്ഞൊഴുകി, പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വെള്ളം കയറി. പിന്നീട്, രണ്ടുദിവസം കുറഞ്ഞുനിന്ന മഴ പതിനാലിന് വീണ്ടും ശക്തിയാർജ്ജിച്ചു. അന്നു രാവിലെ ചരിത്രത്തിലാദ്യമായി ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും തുറന്നു. കേരളം മുഴുവൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആളുകളെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആംബുലൻസുകളും സ്കൂബാ ടീമുകളുമെല്ലാം സജ്ജരായി.
ഇടുക്കി തുറന്നുവിട്ട പെരിയാറിൽ മാത്രമായിരുന്നില്ല വെള്ളപ്പൊക്കം. പമ്പയും അച്ചൻകോവിലാറും മീനച്ചിലാറും കവിഞ്ഞൊഴുകി. പിറ്റേന്നായപ്പോൾ ലോകത്തിൻ്റെ പല കോണിൽ നിന്നുള്ള മലയാളികൾ തങ്ങളുടെ കുടുംബം ഒറ്റപ്പെട്ടെന്ന് അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ സഹായങ്ങൾ അഭ്യർഥിച്ചുകൊണ്ട് മുന്നോട്ട് വന്നു.
ചരിത്രത്തിലാദ്യമായി കേരളത്തിലെ 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിട്ടു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ വലിയ പ്രതിസന്ധിയിലായി. പലയിടങ്ങളിലായി ആയിരക്കണക്കിനാളുകൾ ഒറ്റപെട്ടു. ചിലയിടങ്ങളിൽ സൈന്യമെത്തി ഗർഭിണികളെയും പ്രായമായവരെയും വ്യോമമാർഗം രക്ഷിച്ചു. രക്ഷകരായി മൽസ്യത്തൊഴിലാളികൾ എത്തി. വിഴിഞ്ഞത്തു നിന്നു വള്ളങ്ങൾ ലോറികളിൽ ചെങ്ങന്നൂരും അടൂരും ചങ്ങനാശ്ശേരിയിലും എത്തി.
മൽസ്യത്തൊഴിലാളികൾ രക്ഷിച്ച കേരളം എന്ന പുതിയ ചരിത്രം അന്ന് ആരംഭിച്ചു. അവർ കേരളത്തിന്‍റെ ആർമി എന്നു വിളിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളെ സജീവമായി പ്രയോജനപ്പെടുത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഒരു നാടുമുഴുവൻ ഒരുമിച്ച് കൈകോർത്തു. വ്യോമസേനയും കരസേനയും വായൂ സേനയും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും പൊലീസും ഒപ്പം ജനങ്ങളും മുങ്ങിത്താണു നിന്ന കേരളത്തെ ഒറ്റമനസോടെ കൈപിടിച്ചുയർത്തി. 483 പേർക്കാണ് ആ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടമായത്. ഔദ്യോഗികമായി 14 പേരാണ് അന്ന് കാണാതായത്. 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ഓഗസ്റ്റ് 21ന് ദുരിതാശ്വാസ ക്യാംപുകളിൽ ഉണ്ടായിരുന്നു. 40,000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കുകൾ പറയുന്നത്.