വെസ്റ്റേൺ അമേരിക്കയിലെ കൊളാറാഡോയിലെ ഔറോറയിൽ നടന്ന റാലിയിലായിരുന്നു ട്രംപിൻ്റെ പ്രസ്താവന
അമേരിക്കൻ തെരഞ്ഞെടുപ്പ് അടുത്തതോടെ കുടിയേറ്റക്കാർക്കെതിരെ ആക്രമണം കടുപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡൻ്റും റിപബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. ക്രിമിനലുകളായ വിദേശികളുടെ അധിനിവേശമാണ് അമേരിക്കയിലെന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ പദ്ധതികൾ രൂപീകരിക്കുമെന്നും ട്രംപ് പറഞ്ഞു. വെസ്റ്റേൺ അമേരിക്കയിലെ കൊളാറാഡോയിലെ ഔറോറയിൽ നടന്ന റാലിയിലായിരുന്നു ട്രംപിൻ്റെ പ്രസ്താവന.
ഒരു കാലത്ത് സമാധാനപരമായി മുന്നോട്ടുപോയിരുന്ന കൊളറാഡോയിൽ വെനസ്വേലൻ കുടിയേറ്റക്കാരെത്തി അധിനിവേശം ആരംഭിക്കുകയായിരുന്നു. ഇവരെയെല്ലാം പ്രദേശത്ത് നിന്ന് പുറത്താക്കും. വെനസ്വേലൻ ഗുണ്ടാസംഘമായ ട്രെൻ ഡി അരാഗ്വയിലെ അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്ന ആളുകളുടെ പോസ്റ്ററുകൾ വേദിയിൽ പ്രദർശിപ്പിച്ച ട്രംപ്, താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ഇവരെ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ ഔറോറ' ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. ഒപ്പം അമേരിക്ക യുദ്ധത്തിലേർപ്പെടുന്ന ഒരു രാജ്യത്ത് നിന്നല്ലാത്ത ഏതൊരു വ്യക്തിയേയും നാടുകടത്താൻ പ്രസിഡൻ്റിനെ അനുവദിക്കുന്ന 'ഏലിയൻ എനിമീസ് ആക്റ്റ്' നടപ്പിലാക്കുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു.
ALSO READ: "ഹെലിൻ, മിൽട്ടൺ ചുഴലിക്കാറ്റുകളുടെ പേരിൽ ട്രംപ് രാഷ്ട്രീയം കളിക്കുന്നു"; രൂക്ഷവിമർശനവുമായി കമലാ ഹാരിസ്
അനധികൃത കുടിയേറ്റക്കാരെ പിടികൂടാനും നാടുകടത്താനും, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ്, ഫെഡറൽ ലോ എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർമാരുടെ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കും. അവർ വീണ്ടും അമേരിക്കയിലേക്ക് തിരിച്ചുവരികയാണെങ്കിൽ, പരോളില്ലാതെ 10 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഒരു അമേരിക്കൻ പൗരനെയോ നിയമപാലകനെയോ കൊല്ലുന്ന ഏതൊരു കുടിയേറ്റക്കാരനും വധശിക്ഷ നൽകണം. ജനങ്ങളുടെ വോട്ടിലൂടെ ഇത്തരം സാഡിസ്റ്റ് രാക്ഷസൻമാർക്കെതിരെ പോരാടി വിജയം കൈവരിക്കുമെന്നും ട്രംപ് ഉറപ്പ് നൽകി.
ALSO READ: "യുഎൻ സമാധാനസേനയ്ക്ക് നേരെ ആക്രമണം നടത്തരുത്"; ഇസ്രയേലിന് നിർദേശം നൽകി ജോ ബൈഡൻ
അമേരിക്കൻ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാന ആഴ്ചകളിലേക്ക് കടന്നതോടെ യുദ്ധം മുറുകുകയാണ്. കുടിയേറ്റക്കാരുടെ വിഷയം തെരഞ്ഞെടുപ്പിൽ ഏറെ പ്രസക്തമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കുടിയേറ്റക്കാർക്കെതിരെയുള്ള ട്രംപിൻ്റെ നടപടികൾ, ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനേക്കാൾ ജനപ്രീതി നേടാൻ ട്രംപിനെ സഹായിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.