അതേസമയം കൈമാറ്റത്തെ പറ്റി യുഎസ് ഒഫീഷ്യൽസിൽ നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല
ഇവാൻ ഗെർഷ്‌കോവിച്ച്
ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ റഷ്യ തടവിലാക്കിയ അമേരിക്കൻ പത്രപ്രവർത്തകൻ ഇവാൻ ഗെർഷ്‌കോവിച്ചിനെയും മുൻ യുഎസ് നാവികൻ പോൾ വീലനെയും മോചിതരാക്കിയതായി തുർക്കി പ്രസിഡൻസി പ്രഖ്യാപിച്ചു. ശീതയുദ്ധത്തിനു ശേഷം ഇതാദ്യമായാണ് കിഴക്ക് പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള തടവുകാരുടെ ഏറ്റവും വലിയ കൈമാറ്റം നടക്കുന്നതെന്നും പ്രസിഡൻസി അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, പോളണ്ട്, സ്ലോവേനിയ, നോർവേ, ബെലാറസ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൊത്തം 26 പേരാണ് എംഐടി രഹസ്യാന്വേഷണ വിഭാഗം നടത്തിയ കൈമാറ്റത്തിൽ ഉൾപ്പെട്ടതെന്നും തുർക്കി പ്രസിഡൻസി അറിയിച്ചു. അതേസമയം യുഎസ് ടെലിവിഷൻ നെറ്റ്‌വർക്കുകൾ ഈ കൈമാറ്റത്തെ പറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും യുഎസ് ഒഫീഷ്യൽസിൽ നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.
2023 മാര്‍ച്ചിലാണ് ഇവാന്‍ ചാരവൃത്തി കേസില്‍ അറസ്റ്റിലാകുന്നത്. യെകാറ്ററിന്‍ബര്‍ഗ് എന്ന പട്ടണത്തില്‍ നിന്നാണ് മോസ്‌കോ പൊലീസ് മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തത്. റഷ്യയുടെ സൈനിക-വ്യാവസായിക കാര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിനായി ശേഖരിക്കുന്ന ഒരു ഏജൻ്റായി ഇവാൻ ഗെർഷ്‌കോവിച്ച് പ്രവർത്തിക്കുന്നതായി ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് മോസ്കോയിലെ ലെഫോർട്ടോവോ ജയിലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കേസിനെ കുറിച്ചുള്ള തെളിവുകളൊന്നും റഷ്യ പുറത്തുവിട്ടിട്ടില്ല. അതേസമയം യുഎസ് ഭരണകൂടവും വാൾസ്ട്രീറ്റ് ജേണലും ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.