ഏകദേശം 28 മാസമായി തുടരുന്ന റഷ്യൻ അധിനിവേശത്തിന് പരിഹാരം കാണുക എന്നതാണ് യുക്രെയ്ൻ്റെ ലക്ഷ്യം
സ്വിസ് ആതിഥേയത്വം വഹിക്കുന്ന യുക്രെയ്ൻ സമാധാന ഉച്ചകോടി ഇന്നും നാളെയുമായി ലുസോണിലെ ബാർഗെൻസ്റ്റോക്കിൽ നടക്കും. ഇന്ത്യയടക്കം 90 ഓളം രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും. ലോക സമാധാനത്തിന് ഊന്നൽ നൽകൽ ആണ് ഉച്ചകോടിക്കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി. ഉച്ചകോടിയിലൂടെ റഷ്യ യുക്രെയ്ൻ രാജ്യങ്ങളിൽ പൂർണ സമാധാനം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് വിശ്വാസക്കുന്നതായും സ്വിസ് ഗവൺമെന്റ് കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര നിയമത്തിനും യുഎൻ ചാർട്ടറിനും കീഴിൽ യുക്രെയ്‌നിന് സമഗ്രവും ശാശ്വതവുമായ സമാധാനം, കരിങ്കടലിലെ സഞ്ചാര സ്വാതത്ര്യം, ധാന്യങ്ങൾ കയറ്റുമതി ചെയ്യാനും, ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാനുമുള്ള അനുവാദം, റഷ്യ തട്ടികൊണ്ടുപോയ തടവുകാരെ മോചിപ്പിക്കൽ എന്നിവയും സമാധാന ഉച്ചകോടിയുടെ ലക്ഷ്യമാണ്.
ഏകദേശം 28 മാസമായി തുടരുന്ന റഷ്യൻ അധിനിവേശത്തിന് പരിഹാരം കാണുക എന്നതാണ് യുക്രെയ്‌ന്റെ ലക്ഷ്യം. യുക്രെയ്‌ൻ സമാധാനത്തിനായി ലോക രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുക, രാജ്യത്ത് നിന്ന് റഷ്യൻ സൈനത്തെ പൂർണമായും പിൻവലിക്കുക, തെക്ക് കിഴക്കൻ യുക്രെയ്‌നിൽ റഷ്യ കീഴടക്കിയ ക്രിമിയ അടക്കമുള്ള പ്രദേശങ്ങൾ തിരിച്ച് പിടിക്കുക തുടങ്ങിയതും ഉച്ചകോടിയിലൂടെ പ്രതീക്ഷിക്കുന്നതായി യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കി.
അതേസമയം റഷ്യയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടില്ല. റഷ്യയ്ക്ക് പങ്കെടുക്കാൻ ഉദ്ദേശമില്ലാതിരുന്നതിനാലാണ് ക്ഷണം നൽകാഞ്ഞത് എന്ന് സ്വിസ് സർക്കാർ പറഞ്ഞു. ചൈനയും ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കും. റഷ്യയില്ലാത്ത സമാധാന ഉച്ചകോടി ചൈനയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരില്ല എന്നതിനാലാണ് വിട്ട് നിൽക്കുന്നതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിൻ്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ അമേരിക്ക, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനെയും അയയ്ക്കും. എന്നാൽ പ്രസിഡൻ്റ് ജോ ബൈഡൻ ഉച്ചകോടിയിൽ നിന്ന് വിട്ട് നിന്നേക്കും.