
ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിൽ നിന്ന് ഉയരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ കേന്ദ്ര സർക്കാരിൻ്റെ ബജറ്റിനെതിരെ ആഞ്ഞടിച്ചു.
തങ്ങളെ അവഗണിച്ച കേന്ദ്ര ബജറ്റ് വഞ്ചനാപരമാണെന്ന വെെകാരിക പ്രതികരണവുമായാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയത്. ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജ് അവതരിപ്പിച്ച ബജറ്റില്‍ തമിഴ്നാടിനെക്കുറിച്ച് പരാമർശം പോലുമുണ്ടായില്ല. കൂട്ടുകക്ഷി ധാരണയാണ് ബജറ്റില്‍ കണ്ടത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്തതാണ് കേന്ദ്ര നിലപാട്. അധികാരം നിലനിർത്താൻ ബജറ്റിനെ ഉപയോഗിച്ചത് വേദനാജനകമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.
37,000 കോടിയുടെ പ്രളയ ദുരിതം റിപ്പോർട്ട് ചെയ്തിട്ടും ദുരിതാശ്വാസ ഫണ്ടില്ല. റെയില്‍വേ പദ്ധതികളോ ഹെെവേ പദ്ധതികളോ ഇല്ല. മൂന്ന് വർഷമായി ആവശ്യപ്പെട്ടിട്ടും ചെന്നെെ മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഇത്തവണയും ഫണ്ടില്ല. മധുര- കോയമ്പത്തൂർ മെട്രോയെക്കുറിച്ചും മിണ്ടുന്നില്ല. അഞ്ചുവർഷം കൊണ്ട് മൂന്ന് കോടി വീടുകള്‍ പിഎം യോജന വഴിയുണ്ടാക്കുമെന്നാണ് ബജറ്റിലെ അവകാശവാദം. എന്നാല്‍ അർബന്‍ മേഖലയിലെ ഭവന പദ്ധതിയില്‍ 1.5 ലക്ഷം കേന്ദ്രം ചെലവഴിക്കുമ്പോള്‍ പത്ത് മുതല്‍ പതിനഞ്ച് ലക്ഷം വരെയാണ് സംസ്ഥാനം ചിലവഴിക്കുന്നത്. അങ്ങനെ നോക്കിയാല്‍ കൂടുതല്‍ വീടെന്ന വാഗ്ദാനം സംസ്ഥാന ഭാരം കൂട്ടുക മാത്രമാണ് ചെയ്യുക. ബജറ്റിലെ പദ്ധതികളോരോന്നും എണ്ണിപ്പറഞ്ഞായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
സീറോ വാറന്‍റി ബജറ്റെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരം കണ്ടെത്തുന്നതിന് പകരം, സഖ്യകക്ഷികള്‍ക്ക് കെെക്കൂലി കൊടുക്കാനാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്. സർക്കാരിന്‍റെ തകർച്ച നീട്ടിവയ്ക്കാനാണ് ബിജെപിയുടെ ശ്രമം. ഇത്തരത്തില്‍ അവഗണന കാണിക്കാന്‍ ബംഗാള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും മമത ബാനർജി പറഞ്ഞു.
കസേര രക്ഷിക്കാനുള്ള ബജറ്റെന്ന രാഹുല്‍ ഗാന്ധിയുടെ വിമർശനമാണ് സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആവർത്തിച്ചത്. പ്രയോജനമില്ലാത്ത വാഗ്ദാനങ്ങൾ മാത്രമുണ്ടായ ബജറ്റ് നിരാശാജനകമാണ്. ധന പ്രതിസന്ധി കുറയ്ക്കുന്നതിനായി ഇടപെടലുണ്ടായില്ല. വിലക്കയറ്റം പിടിച്ചു നിർത്താന്‍ ശ്രമമില്ല. മധ്യവർഗത്തിന് വേണ്ടിയുള്ളതെന്ന് കേന്ദ്രം വാദിക്കുന്ന ബജറ്റ് സത്യത്തില്‍ മിഡില്‍ ക്ലാസിന്‍റെ ജീവിതം ദുഷ്കരമാക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാരിനെ താഴെ വീഴാതെ പിടിച്ചു നിർത്താനുള്ള ശ്രമം മാത്രമാണ് ബജറ്റുവഴി കേന്ദ്രം നടത്തിയതെന്നും യെച്ചൂരി വിമർശിച്ചു.
സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്നതാണ് ബജറ്റെന്നും കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാടാണ് ബജറ്റിൽ പ്രതിഫലിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മുതലാളിമാരെ പ്രീതിപ്പെടുത്തുകയും ചെയ്യുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക പകര്‍ത്തിവെക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച അപ്രന്റീസ്ഷിപ്പ് സ്‌കീം കോണ്‍ഗ്രസ് പ്രകടന പത്രിക പകര്‍ത്തിയതാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനപത്രിക ധനമന്ത്രി വായിച്ചിട്ടുണ്ടെന്ന് മനസ്സിലായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.