40 കോടിയോളം തീർഥാടകർക്കായി 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളക്കായി 400 കോടി രൂപയുടെ വൈദ്യുത സൗകര്യങ്ങൾ ഒരുക്കി സർക്കാർ. 40 കോടിയോളം തീർഥാടകർക്കായി 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിൻ്റെ ഭാഗമായി ഏകദേശം 182 കിലോമീറ്റർ ഹൈ ടെൻഷൻ വൈദ്യുത ലൈനുകളും, 1405 കി.മീ ലോ ടെൻഷൻ ലൈനുകളും ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് ഒരുക്കിയിട്ടുണ്ട്.
40,000 റിചാർജബിൾ ബൾബുകൾ ഉപയോഗിച്ച് പ്രദേശം അലങ്കരിക്കാൻ ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിട്ടുണ്ട്. ഈ ബൾബുകൾ കുംഭമേളയുടെ പ്രധാന പോയിൻ്റുകളിൽ സ്ഥാപിക്കുമെന്ന് വൈദ്യുത വിഭാഗത്തിൻ്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനൂപ് കുമാർ സിൻഹ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഏകദേശം 2.7 കോടി രൂപ ചെലവ് വരുന്ന ഈ ബൾബുകൾക്കുള്ള പണം വൈദ്യുതി വകുപ്പിൻ്റെ കുംഭമേളക്കായുള്ള പദ്ധതികളിൽ നിന്ന് കണ്ടെത്തുമെന്നും അനൂപ് കുമാർ സിൻഹ അറിയിച്ചു.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക. ഉത്സവത്തോടനുബന്ധിച്ച് യോഗി ആദിത്യ നാഥ് സർക്കാർ, 92 റോഡുകൾ നവീകരിക്കുകയും 30 പാലങ്ങൾ നിർമ്മിക്കുകയും 800 ബഹുഭാഷാ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. 100 മീറ്റർ വരെ വെള്ളത്തിനടിയിൽ സഞ്ചരിക്കാൻ സാധിക്കുന്ന അണ്ടർവാട്ടർ ഡ്രോണുകളും, ആകാശ ഡ്രോണുകളും മേള, 24 മണിക്കൂറും നിരീക്ഷിക്കും. ഒപ്പം തത്സമയ നിരീക്ഷണത്തിനായി 2,700 എഐ ക്യാമറകളും വിന്യസിക്കും.
അതേസമയം മഹാകുംഭമേളയില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അഖില ഭാരതീയ അഖാഡ പരിഷത്ത്. ചായക്കടകളോ പൂക്കടകളോ തുടങ്ങി ഒരു ഷോപ്പും തുറക്കാന്‍ അനുമതി നല്‍കരുതെന്നാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ മഹന്ത് രവീന്ദ്ര പുരി ആവശ്യപ്പെട്ടിരിക്കുന്നത്.
'ചായക്കടകളോ ജ്യൂസ് കടകളോ പൂക്കടകളോ ഒന്നും തന്നെ തുറക്കാനുള്ള അനുമതി നല്‍കരുതെന്നാണ് ഞങ്ങള്‍ പറഞ്ഞത്. എങ്ങാനും അവര്‍ക്ക് കടകള്‍ കൊടുക്കുകയാണെങ്കില്‍ അവര്‍ അതില്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യും മാത്രമല്ല, അങ്ങനെ ചെയ്താല്‍ ഞങ്ങളുടെ നാഗ സന്യാസിമാര്‍ തന്നെ നടപടി എടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും,' മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
തങ്ങളുടെ പരിപാടി വൃത്തിയുള്ളതും, മികച്ചതും സമാധാനപരവും ദൈവികവുമായിരിക്കണമെന്നും അതിന് അഹിന്ദുക്കളെ മാറ്റി നിര്‍ത്തണമെന്നുമാണ് മഹന്ത് രവീന്ദ്രയുടെ ആവശ്യം. നേരത്തെയും കുംഭമേള നടക്കുന്ന ഇടങ്ങളില്‍ അഹിന്ദുക്കള്‍ ഭക്ഷണ ശാലകള്‍ തുറക്കുന്നതിനെതിരെ അഖില ഭാരതീയ അഖാഡ പരിഷത്ത് എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.