ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാനി യുവതിയെ കാണാനായി പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്നതോടെയാണ് യുവാവിനെ പാകിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്
അതിർത്തികൾക്ക് അതീതമായ പല പ്രണയകഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഓൺലെൻ സുഹൃത്തിനെ പ്രപ്പോസ് ചെയ്യാനായി പാകിസ്ഥാൻ അതിർത്തി കടന്ന് വെട്ടിലായിരിക്കുകയാണ് ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ 30കാരൻ. വിവാഹാഭ്യാർഥന യുവതി നിരസിച്ചെന്ന് മാത്രമല്ല, ഇയാൾ പൊലീസിൻ്റെ പിടിയിലാവുകയും ചെയ്തു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാനി യുവതിയെ കാണാനായി പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്നതോടെയാണ് യുവാവിനെ പാകിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്.
അലിഗഡ് സ്വദേശി ബദൽ ബാബുവാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ പൊലീസിൻ്റെ പിടിയിലായത്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മണ്ടി ബഹൌദീൻ നഗരത്തിലെത്തിയ യുവാവ് പൊലീസിന്റെ മുന്നിൽ പെടുകയായിരുന്നു. 1946ലെ പാകിസ്ഥാൻ വിദേശനിയമത്തിലെ 13, 14 വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജനുവരി 10നാണ് അടുത്ത വാദം കേൾക്കൽ.
അറസ്റ്റിന് പിന്നാലെ ബാബു തൻ്റെ പ്രണയകഥ പൊലീസിനോട് വിവരിച്ചു. കഴിഞ്ഞ രണ്ടര വർഷമായി ബദൽ ബാബുവും 21കാരി സന റാണിയും തമ്മിൽ സൗഹൃദത്തിലാണ്. നേരത്തെും ഇയാൾ പാക് അതിർത്തി കടക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. മൂന്നാം ശ്രമത്തിലാണ് ഇയാൾക്ക് സന റാണിയുടെ അടുത്തെത്താനായത്. സന റാണി വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞത് കുടുംബത്തിൻ്റെ സമ്മർദത്തിന് വഴങ്ങിയാണെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ബാബുവിൻ്റെ അറസ്റ്റിൽ ഞെട്ടിയിരിക്കുകയാണ് കുടുംബം. അന്തർമുഖ സ്വഭാവമുള്ള ബാബു, പ്രണയത്തിനായി ഇത്തരം കടുകൈ ചെയ്യുമെന്ന് വിശ്വസിക്കാനാവില്ലെന്നാണ് കുടംബത്തിൻ്റെ പക്ഷം. ദുബായിൽ ജോലി ലഭിച്ചെന്ന് പറഞ്ഞായിരുന്നു യുവാവ് വീട്ടിൽ നിന്ന് പോയത്. മകനെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.