സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം നിരവധിപേരാണ് നേദ്യക്ക് അന്തിമോപചാരം അർപ്പിച്ചത്
കണ്ണൂർ വളക്കൈ സ്കൂൾ ബസ് അപകടത്തിൽ മരിച്ച നേദ്യ എസ്. രാജേഷിന് വിട നൽകി നാട്. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ചൊറുക്കള നാഗത്തെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചക്ക് 1. 30 ഓടെ സംസ്കരിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 11.50 ഓടെയാണ് നേദ്യ രാജേഷിന്റെ മൃതദേഹം കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിൽ പൊതുദർശനത്തിന് എത്തിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം നിരവധിപേരാണ് നേദ്യക്ക് അന്തിമോപചാരം അർപ്പിച്ചത്.
അതേസമയം, അപകടവുമായി ബന്ധപ്പെട്ട് സ്കൂൾ ബസിന്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നു.
ബസിന് യന്ത്രത്തകരാറുകൾ ഇല്ലായിരുന്നെന്നും ബ്രേക്ക് പൊട്ടിയിട്ടില്ലെന്നും എന്നും എംവിഡിയുടെ അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിന് ശേഷവും ബ്രേക്ക് കൃത്യമായി പമ്പ് ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയുണ്ടായ അപകടത്തിലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നിവേദ്യ രാജേഷ് മരിച്ചത്.