മുൻ നയതന്ത്രജ്ഞൻ കൂടിയായ ഗോൺസാൽവസിന്റെ ഫോട്ടോ വാണ്ടഡ് എന്ന കുറിപ്പോടെ പൊലീസ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു
എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയ
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാർഥിയായിരുന്ന എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വെനസ്വേലൻ ഭരണകൂടം. ഗോൺസാലസിനെപ്പറ്റിയുള്ള വിവരങ്ങൾക്ക് ഒരു ലക്ഷം ഡോളറാണ് വെനസ്വേലൻ സർക്കാർ വിലയിട്ടിരിക്കുന്നത്. ജനുവരി പത്തിന് നിക്കൊളാസ് മഡുറോ, മൂന്നാം തവണ പ്രസിഡൻ്റായി ചുമതലയേൽക്കാനിരിക്കെയാണ് സർക്കാരിൻ്റെ പുതിയ നീക്കം. പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് മുന്നോടിയായി രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് ഗോൺസാലസ് വ്യക്തമാക്കിയിരുന്നു.
മുൻ നയതന്ത്രജ്ഞൻ കൂടിയായ ഗോൺസാൽവസിന്റെ ഫോട്ടോ വാണ്ടഡ് എന്ന കുറിപ്പോടെ പൊലീസ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ജൂലൈ 28ന് മഡുറോ തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ തോതിൽ എതിർ സ്വരങ്ങളെ അടിച്ചമർത്തിയിരുന്നു. ഇതോടെയാണ് സെപ്റ്റംബറിൽ ഗോൺസാലസ് സ്പെയിനിലേക്ക് നാടുവിട്ടത്. ഗോൺസാലസിനെതിരെ വെനസ്വേലൻ സർക്കാർ ഗൂഢാലോചന കുറ്റം ചുമത്തിയതിനു പിന്നാലെ ഡിസംബർ 20ന് സ്പെയിൻ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നൽകുന്നതായി പ്രഖ്യാപിച്ചു. അതേസമയം സർക്കാരിന്റെ പുതിയ നീക്കത്തിന് പിന്നാലെ തൻ്റെ ലാറ്റിനമേരിക്കൻ ടൂർ ആരംഭിക്കുകയാണെന്ന് ഗോൺസാലസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി ആരോപിച്ച് വോട്ടിങ്ങിന്റെ സമ്പൂർണ വിവരങ്ങൾ പുറത്തുവിടാൻ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും മഡുറോ സർക്കാരിന് വലിയ സമ്മർദങ്ങളുണ്ടായിരുന്നു. എന്നാൽ മഡുറോ ഇത് കാര്യമാക്കിയില്ല. തെരഞ്ഞെടുപ്പിന് ശേഷം തെരുവുകളിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുകയും പൊലീസുമായുള്ള നിരന്തരം ഏറ്റുമുട്ടലുകൾ അരങ്ങേറുകയും ചെയ്തിരുന്നു. ഇത്തരം അക്രമ സംഭവങ്ങളിൽ 28 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരുക്കേൽക്കുകയും 2,400 ലധികം പേർ അറസ്റ്റിലാവുകയും ചെയ്തു. പിടിയിലായ മൂന്ന് പ്രതിഷേധക്കാർ ജയിലിൽ വച്ച് മരിച്ചു. ആദ്യം അറസ്റ്റിലായവരിൽ ഏകദേശം 1,400 പേരെ സർക്കാർ പിന്നീട് വിട്ടയക്കുകയായിരുന്നു.
Also Read: "ഗാസയിലെ കുഞ്ഞുങ്ങളുടെ ജീവൻ പിറക്കും മുൻപേ ഭീഷണിയിൽ"; എംഎസ്എഫ് റിപ്പോർട്ട്
അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ഹ്യൂഗോ ഷാവേസ് നേരിട്ടാണ് എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയയെ തന്റെ പിൻഗാമിയായി തെരഞ്ഞെടുത്തത്. 2013 ൽ ഷാവേസ് മരണമടഞ്ഞതോടെ മഡുറോ വെനസ്വേലൻ രാഷ്ട്രീയത്തിലെ പ്രധാനിയായി. വിയോജിപ്പുകളെ അടിച്ചമർത്തുകയും അധികാരത്തിൽ മുറുകെ പിടിക്കുകയും ചെയ്ത മഡുറോയുടെ ഭരണത്തിനു കീഴിലാണ് എണ്ണ സമ്പന്നമായ രാജ്യം സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. വെനസ്വേലയുടെ സഖ്യകക്ഷിയായ റഷ്യ ഉൾപ്പെടെ ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് ജൂലൈയിലെ തെരഞ്ഞെടുപ്പിൽ മഡുറോയെ വിജയിയായി അംഗീകരിച്ചത്. യുഎസും യൂറോപ്യൻ പാർലമെൻ്റും ഗോൺസാലസിനെ "പ്രസിഡൻ്റ്-ഇലക്ട്" ആയിട്ടാണ് അംഗീകരിച്ചിരിക്കുന്നത്.