രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട് ബത്തേരിയിലും തിരുവമ്പാടിയിലും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും
വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും ആവേശം നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിന് മണ്ഡലങ്ങളിലെ പരസ്യ പ്രചരണങ്ങള്‍ അവസാനിക്കും. 13നാണ് തെരഞ്ഞെടുപ്പ്. അവസാന വട്ട പ്രചരണങ്ങൾക്കൊടുവിൽ രണ്ടിടത്തും ബുധനാഴ്ച്ച (നവംബർ13) വോട്ടെടുപ്പ് നടക്കും. കല്‍പ്പാത്തി രഥോത്സവത്തെ തുടർന്ന് 20-ാം തീയതിയിലേക്ക് തെരഞ്ഞെടുപ്പ് മാറ്റിയ പാലക്കാട് 18-ാം തീയതിയാണ് വോട്ടെടുപ്പ്.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട് ബത്തേരിയിലും തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. പ്രചരണം സജീവമാക്കി മണ്ഡലത്തില്‍ കലാശക്കൊട്ടിനായി തയ്യാറെടുക്കുകയാണ് ഇടതു മുന്നണി. എൻഡിഎ ക്യാമ്പുകളുടെ കൊട്ടികലാശം കൽപ്പറ്റയിലും ബത്തേരിയിലുമാണ് നടക്കുക. തെരഞ്ഞെടുപ്പിന്‍റെ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രചരണത്തിൽ മികച്ച ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. പ്രിയങ്കയ്ക്ക് അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. 2014നു സമാനമായ അട്ടിമറിയാണ് സത്യന്‍ മൊകേരിയിലൂടെ എൽഡിഎഫിൻ്റെ പ്രതീക്ഷ. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്.
Also Read: 'തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു'; പാലക്കാട് കോൺഗ്രസിനെതിരെ 'വ്യാജ സ്പിരിറ്റ്' പ്രചരണായുധമാക്കി സിപിഎം
ചേലക്കര മണ്ഡലവും കൊട്ടിക്കലാശത്തിനായി തയ്യാറായി കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനു മുന്‍പ് സ്ഥാനാർഥികള്‍ അവസാനവട്ട പരസ്യ പ്രചരണങ്ങളില്‍ ഏർപ്പെടും. എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസും മണ്ഡലത്തില്‍ റോഡ്‌ഷോ നടത്തും. യു.ആർ. പ്രദീപ് മുള്ളൂർക്കര, വരവൂർ ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാൾ പഞ്ചായത്തുകളിലെ പര്യടനം നടത്തിയ ശേഷം ചേലക്കരയിലെത്തും. തിരുവില്വാമലയിൽ നിന്നാരംഭിച്ച് എല്ലാ പഞ്ചായത്തുകളിലെയും പ്രധാന നിരത്തുകളിലൂടെ പര്യടനം നടത്തി രമ്യ ഹരിദാസും സംഘവും കൊട്ടിക്കലാശത്തിനായി ചേലക്കരയിലെത്തും. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിച്ചതിനു ശേഷം എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷ്ണനും ചേലക്കരയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. സ്ഥാനാർഥിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഉണ്ടാകും.