17 കുടുംബങ്ങളിൽ ഒരാളും അവശേഷിക്കുന്നില്ലെന്നും ആകെ 65 പേർ മരണമടഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാരിൻ്റെ ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള വാരാഘോഷ പരിപാടി ഒഴിവാക്കിയെന്നും വയനാടിനായി ഒരുമിച്ച് നിൽക്കേണ്ട ഘട്ടമാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആഭിമുഖ്യത്തിൽ ഓണാഘോഷം ഉണ്ടാകില്ലെങ്കിലും ബാക്കി കാര്യങ്ങൾ മുറ പോലെ നടത്തും. കലാകാരന്മാരും കച്ചവടക്കാരും സാധാരണക്കാരും പ്രയാസം നേരിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരധിവാസ നടപടി പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദഗ്ധർ, മേഖലയിലെ ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യ്തായിരിക്കും പുനരധിവാസം നടത്തുക. അതിനായി, ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായം രൂപപ്പെട്ട ശേഷമാകും പുനരധിവാസം. 219 കുടുംബങ്ങളാണ് നിലവിൽ ക്യാമ്പിലുള്ളത്. ബാക്കിയുള്ളവർ വാടക വീടുകളിലേക്ക് മാറി, ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും. നിലവിൽ ക്യാമ്പിലുള്ളവർ മാറിത്താമസിക്കാൻ ബാക്കിയുള്ളവർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്, ഇവർക്ക് വാടക വീടുകൾ കണ്ടെത്തി നൽകാൻ തടസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 17 കുടുംബങ്ങളിൽ ഒരാളും അവശേഷിക്കുന്നില്ലെന്നും ആകെ 65 പേർ മരണമടഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.
Also Read: വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്ന കാര്യം ബാങ്കുകള്‍ തീരുമാനിക്കും
പുനരധിവാസത്തിനായി ബാങ്കുകളുടെ പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോൺ എടുത്തവരാണ് ഭൂരിഭാഗം പേരും, അത്കൊണ്ട് ലോൺ എഴുതി തള്ളാൻ നിർദേശം വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 30-ന് ശേഷം പിടിച്ച ഇഎംഐ തിരിച്ചടക്കാൻ നിർദേശം നൽകി. പുതിയ ലോണുകൾ വേഗത്തിൽ നൽകാനും തീരുമാനമെടുക്കും. സെക്യൂരിറ്റി ഇല്ലാതെ 25000 രൂപ കൺസപ്ഷൻ ലോണെടുക്കാം, 30 മാസമാകും തിരിച്ചടവിനുള്ള കാലാവധി.
അതേസമയം,സെപ്തംബർ 7 മുതൽ 14 വരെ 1500 ഓണ ചന്തകൾ നടത്തും. 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ത്രിവേണികളിൽ സാധനങ്ങൾ ലഭ്യമാകും.