ദുരിതാശ്വാസ നിധിയിൽ സംഭാവനകൾ നൽകാൻ ജനങ്ങൾക്കിടയിൽ കാംപെയ്ൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് 10, 11 തിയതികളിലാണ് കാംപെയ്ൻ നടത്തുക
വയനാട് ദുരന്തത്തിൽ കേരളത്തിൻ്റെ മാനവികതയും സാമൂഹിക ബോധവും ഉയർത്തിപ്പിടിക്കുന്ന ഇടപെടലായിരുന്നു നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അസാധ്യമായ രീതിയിലുള്ള ഏകോപനത്തോടെയാണ് മഹാദുരന്തത്തെ കേരളം പ്രതിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
"പാർട്ടി ഘടകങ്ങൾ അവരവരുടെ രീതിയിൽ സംഭാവന നൽകണം. സിപിഎം കേരള ഘടകം 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിൽ സംഭാവനകൾ നൽകാൻ ജനങ്ങൾക്കിടയിൽ കാംപെയ്ൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് 10, 11 തീയതികളിലാണ് കാംപെയ്ൻ നടത്തുക," എം.വി. ഗോവിന്ദൻ പറഞ്ഞു.
"രക്ഷാപ്രവർത്തനത്തിനിടെ രാഷ്ട്രീയ പ്രേരിതമായ പ്രസ്താവന അമിത് ഷായുടേത് മാത്രമായിരുന്നുവെന്നും. ഇത്തരം തെറ്റായ സമീപനം ആരെയും സഹായിക്കില്ലെന്നും എം.വി ഗോവിന്ദൻ വിമർശിച്ചു. ബിജെപിയുടേതും ആർഎസ്എസിൻ്റേതും സങ്കുചിത രാഷ്ട്രീയമാണ്. സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടി ശുദ്ധ കള്ളം പറയുന്നതാണ് ആർഎസ്എസിൻ്റെ രീതി," അദ്ദേഹം വിമർശിച്ചു.
"ദുരന്തം ഉണ്ടാകുന്നതിന് മുൻപ് പ്രദേശത്ത് റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളെ കാണണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് സങ്കുചിത ലക്ഷ്യത്തോടെ നടത്തുന്ന കള്ള പ്രചാരവേല അടിയന്തരമായി അവസാനിപ്പിക്കണം," എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
അതേസമയം, 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനത്തിന്‍റെ ഷെഡ്യൂളായി. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി നടത്തും. ഏരിയാ സമ്മേളനം നവംബറിലും, ജില്ലാ സമ്മേളനം ഡിസംബർ, ജനുവരി മാസത്തിലും നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചായിരിക്കും നടക്കുക. പാർട്ടി കോൺഗ്രസ് ഏപ്രിലിൽ മധുരയിൽ വെച്ചും നടക്കും.